കിടപ്പുമുറിയിൽ തീപിടിത്തം; ഉപകരണങ്ങൾ കത്തിനശിച്ചു
1587273
Thursday, August 28, 2025 1:32 AM IST
തലശേരി: പൊന്ന്യം നായനാർ റോഡിലെ പൊന്നമ്പത്ത് തറവാട് വീടിന് മുകൾ നിലയിലുള്ള കിടപ്പുമുറി തീപിടിച്ച് നശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുറിയിലുണ്ടായ കട്ടിൽ, അലമാര, എസി, ഉൾപ്പെടെ മുഴുവൻ ഉപകരണങ്ങളും അഗ്നിക്കിരയായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. തീപിടിത്തമുണ്ടായ സമയത്ത് വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ താഴെ ഹാളിൽ ടിവി കാണുകയായിരുന്നു.
ഈ സമയം പ്ലാസ്റ്റിക് കത്തി ഉരുകിയ മണം അനുഭവപ്പെട്ടതോടെ ടിവി ഓഫാക്കി. ഇതിനിടയിൽ പൊട്ടിത്തെറി ശബ്ദം കേട്ടു. തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴാണ് മുകളിൽ നിന്ന് തീ ആളുന്നതും പുകയും ശ്രദ്ധയിൽപെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. ബഹളം വച്ചതോടെ പരിസരവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനത്തിനിറങ്ങി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുകയായിരുന്നു. ഓടിട്ട പഴയ തറവാട് വീടിന്റെ മുകളിൽ ഏതാനും വർഷങ്ങൾ മുമ്പ് കൂട്ടിയെടുത്ത കിടപ്പുമുറിയാണ് കത്തിനശിച്ചത്.