സ്വകാര്യബസ് പണിമുടക്ക് തുടരുന്നു
1587266
Thursday, August 28, 2025 1:32 AM IST
കണ്ണൂർ: കണ്ണൂർ-തോട്ടട-തലശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്ക് തുടരന്നു. ഇന്നലെ രാവിലെ മുതലാണ് സമരം ആരംഭിച്ചത്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടാൽ- എടക്കാട് പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ ദിവസം അടച്ച വഴി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് തുറന്നു കൊടുത്തിരുന്നു.
പ്രസ്തുത വഴി അടയ്ക്കില്ലെന്ന് ദേശീയപാത അധികൃതർ കളക്ടർക്ക് ഉറപ്പ് നല്കിയതുമായിരുന്നു. എന്നാൽ നോട്ടീസ് പോലും നല്കാതെ സ്ലാബിട്ട് പാത തടഞ്ഞിരിക്കുകയാണ്. വഴി അടച്ചതോടെയാണ് ബസ് ഉടമകളും തൊഴിലാളികളും ഇന്നലെ മുതൽ സമരം ആരംഭിച്ചത്. തടഞ്ഞിട്ട സ്ലാബ് മാറ്റിയാൽ സർവീസ് നടത്തുമെന്നാണ് ബസ് ഉടമകൾ പറയുന്നത്.
അനുവദനീയമായ പാതയിൽ സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പെർമിറ്റിന് വിരുദ്ധമായി സർവീസ് നടത്താൻ ബസ് ഉടമകളെ പ്രേരിപ്പിക്കാനും അധികൃതർക്ക് കഴിയാത്ത സാഹചര്യമാണ്. തിങ്കളാഴ്ച്ച ദേശീയപാതാ നിർമാണം തടസപ്പെടുത്തിയതായി കാണിച്ച് ആക്ഷൻ കമ്മിറ്റി പ്രവർത്തകരായ ജയരാജൻ, പ്രദീപൻ ,സജിത്ത്, രക്ഷിത്ത് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് 25 പേർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തിരുന്നു.
പുതിയ ദേശീയപാതയിൽ നടാൽ ഒകെ യുപി സ്കൂൾ പരിസരത്ത് അടിപ്പാത വേണമെന്ന ആവശ്യം അധികൃതർക്ക് ഇതോടെ കീറാമുട്ടിയാവുകയാണ്. പുതിയ ദേശീയപാതയുടെ ഭാഗമായി ഡ്രൈനേജും സർവീസ് റോഡും നിർമിക്കുന്നതിന്റെ ഭാഗമായി റോഡ് അടച്ചതോടെയാണ് കണ്ണൂർ - തലശേരി റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിശ്ചലമായത്. റോഡ് അടച്ചതോടെ ചുറ്റി വളഞ്ഞ് സർവീസ് നടത്താനാവില്ലെന്ന് പറഞ്ഞാണ് ബസ് തൊഴിലാളികളും ഉടമകളും പണിമുടക്ക് നടത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഇപ്പോഴും എടക്കാട് പോലീസ് സ്ഥലത്ത് കാവൽ നില്ക്കുന്നുണ്ട്.