പടിയൂർ ഇക്കോ ടൂറിസം പ്ലാനറ്റ് :2.40 കോടി അനുവദിച്ചു
1587265
Thursday, August 28, 2025 1:32 AM IST
ഇരിട്ടി: പടിയൂർ ഇക്കോ ടൂറിസം പ്ലാനറ്റിന്റെ ആദ്യ ഘട്ടത്തിന്റെ രണ്ടാം റീച്ച് പൂർത്തിയാക്കാൻ 2,40,77,460 കൂടി അനുവദിച്ചതായി കെ.കെ. ശൈലജ എംഎൽഎ അറിയിച്ചു. സംസ്ഥാന തല ടൂറിസം വർക്കിംഗ് ഗ്രൂപ്പാണ് അംഗീകാരം നൽകിയത്. കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, റിക്രിയേഷൻ ഏരിയ വികസനം, വൈദ്യുതീകരണം, ജലവിതരണം എന്നീ പ്രവർത്തികൾക്കാണ് രണ്ടാം റീച്ചിൽ അനുവദിച്ചത്. 2022 ഒക്ടോബർ 17 നായിരുന്നു ആദ്യഘട്ട പ്രവൃത്തിയുടെ ആദ്യ റീച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.
ആദ്യ ഘട്ടത്തിൽ 13 ഏക്കറിൽ പടിയൂർ ടൗണിൽ നിന്ന് പഴശി പദ്ധതിയുടെ തീരത്തു കൂടി 1300 മീറ്റർ പുതിയ റോഡ്, പാർക്ക്, റസ്റ്ററന്റ്, പ്രകൃതി സൗഹൃദ വനം, ഉദ്യാന സസ്യങ്ങൾ വച്ചുപിടിപ്പിക്കൽ എന്നിവയ്ക്കായി 5.66 കോടി അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി അവസാന ഘട്ടിത്തിലാണ്.
മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ ആദ്യ ഘട്ടമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.രണ്ടാം ഘട്ടത്തിൽ 15 ഏക്കറോളം വരുന്ന രണ്ട് തുരുത്തുകളെ ബന്ധിപ്പിച്ച് റോപ് വേ. 1.5 ഏക്കറിൽ കാരവൻ പാർക്ക്.
മൂന്നാം ഘട്ടത്തിൽ 20 ഏക്കറിൽ നിടിയോടി പെരുവമ്പറമ്പ് ഭാഗത്ത് വാട്ടർ പ്ലാന്റ് ഏറിയ, നീന്തൽകുളം, തൂക്കുപാലങ്ങൾ, സീസണിൽ പൂക്കുന്ന പൂമരങ്ങളുടെ വിവിധ ലയറുകൾ, വാച്ച് ടവർ, സ്വാഭാവിക വന സന്ദർശന സൗകര്യം, സൗരോർജ - വാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളുടെ സർവീസ് എന്നിവയും ലക്ഷ്യമിടുന്നു.