വാഴയിൽ സെന്റ് ജൂഡ് നഗർ പാലം തകർന്നിട്ട് മൂന്നു വർഷം; അനക്കമില്ലാതെ അധികൃതർ
1587264
Thursday, August 28, 2025 1:31 AM IST
ഇരിട്ടി: മലവെള്ളപ്പാച്ചിലിൽ അയ്യൻകുന്ന് പഞ്ചായത്തിലെ വാഴയിൽ സെന്റ് ജൂഡ് നഗർ പാലം തകർന്നിട്ടു മൂന്നു വർഷം. പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, ആനപ്പന്തി വാർഡുകളെ കോർത്തിണക്കിയ പാലം തകർന്നതോടെ ആയിരത്തോളം കുടുംബങ്ങൾ ദുരിതത്തിലായിട്ടും അനക്കമില്ലാതെ അധികൃതർ. മുണ്ടയാംപറമ്പ്, നാട്ടേൽ, തെങ്ങോല, കോളിക്കടവ്, സെന്റ് ജൂഡ് നഗർ, വള്ളിത്തോട്, ഓടിച്ചുകുന്ന്, മുടയിരഞ്ഞി, ആനപ്പന്തി എന്നീ ഗ്രാമങ്ങളിൽ ഉള്ളവർ ഇരു കരയിലേക്കും ഉള്ള യാത്രയ്ക്കായി ആശ്രയിച്ചിരുന്ന ഈ പാലം 2022 ഓഗസ്റ്റ് 27 ന് രാത്രിയാണ് തകർന്നത്.
സമാന്തര സംവിധാനങ്ങൾ പോലും ഏർപ്പെടുത്താൻ അധികൃതർ തയാറാകാത്ത സാഹചര്യത്തിൽ നാട്ടുകാർ അയ്യൻകുന്ന് പഞ്ചായത്ത് ജനപ്രനിധികളുടെ സഹകരണത്തോടെ 1.5 ലക്ഷം ചെലവിട്ടു നിർമിച്ച നടപ്പാലവും തകർച്ചയിലാണ്. അടുത്ത മരത്തിൽ വടംകെട്ടി ബന്ധിച്ചിട്ടുള്ള ഈ നടപ്പാലത്തിലൂടെയാണ് സെന്റ് ജൂഡ് നഗർ വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന കേന്ദ്രം, മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകരും പ്രദേശത്തു നിന്നു കുന്നോത്ത്, കിളിയന്തറ, അങ്ങാടിക്കടവ് എന്നിവിടങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിനു വിദ്യാർഥികളും യാത്ര ചെയ്യുന്നത്. വാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ കൂടുതൽ ദൂരം ചുറ്റി വളഞ്ഞുവേണം യാത്രചെയ്യാൻ.
വി.ടി. മാത്തുക്കുട്ടി കൺവീനറായ ജനകീയ കമ്മിറ്റി മുഖ്യമന്ത്രി, എംപിമാർ എന്നിവർക്കെല്ലാം പുതിയ കോൺക്രീറ്റ് പാലത്തിനായി നിവേദനം നൽകിയിരുന്നു.
സണ്ണി ജോസഫ് എംഎൽഎ നിയമസഭയിലും പ്രശ്നം ഉന്നയിച്ചു. പാലം നിർമാണത്തിനായി രണ്ടുതവണ പരിശോധന നടത്തിയതല്ലാതെ മറ്റു പുരോഗതികളൊന്നും ഉണ്ടായില്ല. 1973 ലാണ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീപ്പ് പാലം നിർമിച്ചത്. പാലത്തിന്റെ കാലപ്പഴക്കവും വലിയ വാഹനങ്ങളുടെ ഗതാഗത സൗകര്യവും കണക്കിലെടുത്ത് പുതിയ പാലം അനുവദിക്കണമെന്ന ജനകീയ സമിതിയുടെ ആവശ്യത്തിന് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
നാട്ടുകാർ നിർമിച്ച താത്ക്കാലിക നടപ്പാലം പാലത്തിന്റെ അവശേഷിച്ച തൂണുകളിൽ ഉറപ്പിച്ച നിലയിലാണ്. വെള്ളം ഉയർന്നാൽ താത്കാലിക പാലം ഒഴുകിപ്പോകാതിരിക്കാനാണ് വടം ഉപയോഗിച്ച് കെട്ടിവച്ച നിലയിലാണ് ഇപ്പോൾ പാലം.