മടക്കാട് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നു പേർക്ക് ഗുരുതര പരിക്ക്
1587258
Thursday, August 28, 2025 1:31 AM IST
ചപ്പാരപ്പടവ്: തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ മടക്കാട് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് ഗുരുതര പരുക്ക്. ശബ്ദം കേട്ടെത്തിയ ഓട്ടോ തൊഴിലാളികളാണ് ഇവരെ പുറത്തെടുത്ത് വാഹനങ്ങളിൽ കയറ്റി തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നടുവിൽ വിളക്കന്നൂർ സ്വദേശികളായ പട്ടംമാടിയിൽ സോലു ജോസ്, ഭാര്യ ഡോണ, ഡോണയുടെ കൂട്ടുകാരി അലീഷ എന്നിവർക്കാണ് പരുക്കേറ്റത്.
പരിക്കുകൾ ഗുരുതരമായതിനാൽ സോലുവിനെയും ഡോണയെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും അലീഷയെ മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മഴയിൽ മരത്തിന്റെ കമ്പ് വാഹനത്തിന് മുകളിൽ വീണപ്പോൾ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ടിടിസി വിദ്യാർഥികളായ ഡോണയെയും അലീഷയെയും കോളജിൽ കൊണ്ടാക്കാൻ പോകുമ്പോൾ ഇന്നലെ രാവിലെ ആയിരുന്നു അപകടം. മിലിറ്ററി ഉദ്യോഗസ്ഥനാണ് സോലു.