കാട്ടുപന്നികൾ ചത്തൊടുങ്ങുന്നു; മലയോരവാസികൾ ആശങ്കയിൽ
1587256
Thursday, August 28, 2025 1:31 AM IST
പയ്യാവൂർ: മലയോര മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി ചത്തൊടുങ്ങുന്നു. കഴിഞ്ഞ ദിവസ ങ്ങളിൽ ചന്ദനക്കാംപാറ മേഖലയിലെ ഒന്നാംപാലം, മാവുംതോട്, നറുക്കുംചീത്ത എന്നിവിടങ്ങളിലും പൈസക്കരിയിലെ ചില സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലുമാണ് കാട്ടുപന്നികൾ ചത്തുകിട ക്കുന്നതായി കണ്ടത്.
മുൻകാലങ്ങളിൽ വന്യമൃഗവേട്ടക്കാർ വയ്ക്കുന്ന കെണികളിൽ കുടുങ്ങി കാട്ടു മൃഗങ്ങൾ ചത്തിട്ടുണ്ടെങ്കിലും ഇപ്പോൾ രോഗം ബാധിച്ച് പന്നികൾ വ്യാപകമായി ചാകുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. പകർച്ചവ്യാധി പോലെയുള്ള എന്തെങ്കിലും രോഗമാണോ ഇതിനു പിന്നിലെന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചാലും അവർ സ്ഥലത്തെത്തുകയോ പന്നികളെ പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിക്കാനോ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. പന്നികൾ ചത്തുകിടക്കുന്നത് അറിയിച്ചാൽ സ്ഥലം ഉടമകൾതന്നെ അതിനെ കുഴിച്ചുമൂടാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്.
വനംവകുപ്പിന്റെ നിലപാട് പ്രദേശവാസികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്ക് ഉൾപ്പെടെ രോഗം പടർന്നുപിടിക്കാനുള്ള സാധ്യതയും തദ്ദേശവാസികൾ പങ്കുവയ്ക്കുന്നു.