മിനി മാരത്തൺ ടൂറിസം ഭൂപടത്തിൽ മലയോരത്തിന് വലിയ ഇടമാകും: പി.വി. പ്രിയ
1587255
Thursday, August 28, 2025 1:31 AM IST
നടുവിൽ: അനേകം കായികതാരങ്ങളെ രാജ്യത്തിന് സമ്മാനിച്ച മലയോരത്തിന് രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ വലിയ ഇടം ലഭിക്കുന്നതിന് ‘റൺ പാലക്കയം തട്ട്’ മിനി മാരത്തൺ സഹായകരമാകുമെന്ന് പ്രശസ്ത ഫുട്ബോൾ പരിശീലകയും എഎഫ്സി പ്രോ ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിതയുമായ പി.വി. പ്രിയ. ഇരിക്കൂർ ടൂറിസം ഇന്നോവേഷൻ കൗൺസിലും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റൺ പാലക്കയം തട്ട്’ മിനി മാരത്തണിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
കണ്ണൂർ ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ഇരിക്കൂർ നിയോജകമണ്ഡല ത്തിലെ സംവിധാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും, ഇവിടുത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ മാരത്തൺ സഹായകരമാകുമെന്ന് അവർ പറഞ്ഞു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളീൽ, ഫാ. മാത്യു വേങ്ങക്കുന്നേൽ, ഫാ. തോമസ് പയ്യമ്പള്ളി, പി. ടി. മാത്യു, മധു തൊട്ടിയിൽ, ടെസി ഇമ്മാനുവൽ, മുഹമ്മദ് കുഞ്ഞി, മോളി സജി, ഷൈജ ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.