വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് തുടക്കം
1586952
Wednesday, August 27, 2025 1:04 AM IST
കണ്ണൂർ: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഒരുക്കിയ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സബ്സിഡി ഇതര സാധനങ്ങൾ മിതമായ നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ എംആർപി വിലയിൽ നിന്ന് അഞ്ചു മുതൽ 50 ശതമാനം വിലക്കുറവിലും സപ്ലൈകോ ഓണം ഫെയറിൽ ലഭിക്കും. ശബരി സബ്സിഡി വെളിച്ചെണ്ണ ഒരുലിറ്റർ 339 രൂപക്ക് ലഭിക്കും. ചെറുപയർ, ഉഴുന്ന് എന്നിവ കിലോ 90 രൂപയ്ക്കും പഞ്ചസാര കിലോ 34.94 രൂപയ്ക്കും ജയ, കുറുവ, മാവേലി മട്ട അരി കിലോ 33 രൂപ നിരക്കിലും ഇവിടെ ലഭ്യമാണ്. കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവയ്ക്കും വൻ വിലക്കുറവാണുള്ളത്.
ഓണക്കാലത്തെ എട്ട് കിലോ സബിസിഡി അരിക്കുപുറമെ കാർഡ് ഒന്നിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ഇതിനുപുറമെ സെപ്റ്റംബർ മാസത്തെ ഉത്പന്നങ്ങൾ മുൻകൂറായും വാങ്ങാം. ഓണക്കാലത്ത് സപ്ലൈകോ വിൽപന ശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും 10 മുതൽ 50 ശതമാനം വരെ വിലക്കുറവുമുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവർ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഉൽപന്നങ്ങൾക്കാണ് ഈ ഓഫർ. സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയ്ക്കും ഓഫറുകളുണ്ട്.
ആകർഷകമായ
സമൃദ്ധി കിറ്റും
ശബരി സിഗ്നേച്ചർ കിറ്റും
ഓണത്തെ വരവേൽക്കാൻ സപ്ലൈകോയുടെ കിറ്റുകളും വിപണിയിലുണ്ട്. 1225 രൂപ വിലയുള്ള 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ഒൻപത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കുമാണ് സപ്ലൈകോ നൽകുന്നത്.
ഗിഫ്റ്റ് കാർഡുകൾ
ഇതോടൊപ്പം 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയാറാണ്. ഇതുപയോഗിച്ച് സപ്ലൈകോ വിൽപനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31 വരെ വാങ്ങാം.
500 രൂപയുടെ മുകളിൽ സബ്സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ശബരി കുട/ വാട്ടർബോട്ടിൽ എന്നിവ സമ്മാനമായി ലഭിക്കും. സപ്ലൈകോ ചില്ലറ വിൽപന ശാലകളിൽനിന്നും ഈ കാലയളവിനുള്ളിൽ 1000 രൂപയ്ക്ക് മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പ്രതിദിന കൂപ്പണുകൾക്കൊപ്പം ജില്ലാതല സമ്മാനപദ്ധതി പ്രകാരമുള്ള കൂപ്പണുകളും ലഭിക്കും. മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയോടൊപ്പം ശേഷിക്കുന്ന മൂല്യത്തിന് ഉൽപന്നങ്ങൾ വാങ്ങിയാലും ഈ കൂപ്പൺ നേടാം. ലക്കി ഡ്രോയിലൂടെ വിജയികളാകുന്ന ഒരാൾക്ക് ഒരു പവന്റെ സ്വർണ നാണയം, രണ്ടുപേർക്ക് ലാപ്ടോപ്, മൂന്ന് പേർക്ക് സ്മാർട്ട് ടി വി തുടങ്ങിയ സമ്മാനങ്ങളും സപ്ലൈകോ നൽകുന്നുണ്ട്. രാവിലെ 10 മണി മുതൽ രാത്രി എട്ട് വരെയാണ് വിൽപന. സപ്ലൈകോ ഓണം ഫെയർ സെപ്റ്റംബർ നാലിന് അവസാനിക്കും.
സഞ്ചരിക്കുന്ന
ഓണം ഫെയർ
സപ്ലൈകോ ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലൂടെയും ഓണം ഫെയർ മൊബൈൽ വാഹനം ഓടും. സഞ്ചരിക്കുന്ന ഓണം ഫെയർ കണ്ണൂർ താലൂക്ക് പരിസരത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. സെപ്റ്റംബർ നാലുവരെ രാവിലെ 10 മുതൽ ഓരോ മണ്ഡലത്തിലെയും വിവിധ പ്രദേശങ്ങളിൽ വിൽപന നടത്തും. സപ്ലൈകോ കേന്ദ്രങ്ങളിൽ ലഭിക്കുന്ന മുഴുവൻ സാധനങ്ങളും സബ്സിഡിയിലും അല്ലാതെയും ഈ വാഹനത്തിൽ നിന്നും ലഭിക്കും.
ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂർ ആദ്യവില്പന നടത്തി.
സപ്ലൈകോ ഓണം ഫെയർ
വാഹനം നാട്ടിലെത്തും
കണ്ണൂർ: സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം സെപ്റ്റംബർ നാല് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തും. കണ്ണൂർ, തളിപ്പറമ്പ് ഡിപ്പോയ്ക്ക് കീഴിൽ ഇന്ന് മുണ്ടേരിമൊട്ട (കണ്ണൂർ), 28ന് പന്നിയൂർ (തളിപ്പറമ്പ്) 29 ന് പാലക്കോട് (പയ്യന്നൂർ), 30 ന് കീച്ചേരി (കല്യശേരി), 31ന് ചാലാട് (അഴീക്കോട്), സെപ്റ്റംബർ ഒന്നിന് നടാൽ (ധർമടം), രണ്ടിന് കാഞ്ഞിരക്കൊല്ലി (ഇരിക്കൂർ), മൂന്നിന് ചുള്ളിയാട് (ഇരിക്കൂർ), നാലിന് ചീക്കാട് (ഇരിക്കൂർ) എന്നിടങ്ങളിൽ സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം എത്തും.
തലശേരി ഡിപ്പോയിൽ ഇന്ന് നായാട്ടുപാറ(മട്ടന്നൂർ) കൊളശേരി (തലശേരി), 28ന് ആറളം (പേരാവൂർ), കൂട്ടുപുഴ (പേരാവൂർ), 29 ന് ഈരായിക്കൊല്ലി (പേരാവൂർ), കണ്ണവം (മട്ടന്നൂർ), 30ന് കക്കുവാപാലം (പേരാവൂർ), ഉളിയിൽ (മട്ടന്നൂർ), 31ന് മാടപ്പീടിക (തലശേരി), പൊന്ന്യംസ്രാമ്പി (തലശേരി) എന്നിടങ്ങളിൽ ഓണം ഫെയർ വാഹനം എത്തും. സെപ്റ്റംബർ ഒന്നിന് പൂക്കോം (കൂത്തുപറമ്പ്), നിടുമ്പ്രം (തലശേരി) എന്നിവിടങ്ങളിലും രണ്ടിന് പെരിങ്ങത്തൂർ (തലശേരി), ചൊക്ലി, മൂന്നിന് കൊളോളം (മട്ടന്നൂർ), കിണവക്കിൽ (കൂത്തുപറമ്പ്), നാലിന് ആലച്ചേരി സ്കൂൾ (മട്ടന്നൂർ), തൊക്കിലങ്ങാടി (കൂത്തുപറമ്പ്) എന്നിവിടങ്ങളിലും ഓണം ഫെയർ വാഹനമെത്തും.