കോർപറേഷന് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു
1576377
Thursday, July 17, 2025 12:42 AM IST
കണ്ണൂർ: കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ തോട് കൈയറി അനധികൃതമായി കെട്ടിടം നിർമിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു.
സെക്രട്ടറി വിനു സി. കുഞ്ഞപ്പനെയാണ് ഡിസിസി സെക്രട്ടറി ടി. ജയകൃഷ്ണൻ , കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് രാഹുൽ കായക്കൽ, വൈസ് പ്രസിഡന്റ് ഷിബു ഫെർണാണ്ടസ്, രാഗേഷ് ആയിക്കര, ഷിബിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓഫീസിൽ ഉപരോധിച്ചത്. ഒരു വർഷം മുന്പ് വാർഡ് കൗൺസിലർ വിഷയം കോർപറേഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും സമരക്കാർ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ എസ്ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരുമായി ചർച്ച ചെയ്യുകയും അനധികൃത കെട്ടിടം പൊളിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. അനധകൃത കെട്ടിട വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും സമരം നടത്തിയിരുന്നു.