ആറളം ഫാമിൽ കാട്ടാന തെങ്ങ് നശിപ്പിച്ചു
1576370
Thursday, July 17, 2025 12:41 AM IST
ഇരിട്ടി: ആറളം ഫാമിലെ ഒന്ന്, രണ്ട് ബ്ലോക്കുകളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. ഒരാഴ്ചക്കുള്ളിൽ കാട്ടാനകൾ 25 ൽ അധികം തെങ്ങുകളെ ചുവടെ മറിച്ചിട്ട് നശിപ്പിച്ചു.
ബ്ലോക്ക് ഒന്നിലും രണ്ടിലും തമ്പടിച്ചിരുന്ന കാട്ടാനകളാണ് കൃഷികൾ നശിപ്പിച്ചത്. മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്തണമെന്ന് ഫാമിംഗ് കോർപ്പറേഷൻ ആവശ്യപെടുന്നെങ്കിലും യാതൊരു നടപടിയും വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി. ഇതോടെ ഫാമിന്റെ കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ആനകൾ കൂട്ടമായി വന്ന് കൃഷികൾ നശിപ്പിക്കുകയാണ്.
ഫാമിന് ലഭിക്കേണ്ടത് 91 കോടി
ആറളം ഫാമിലെ കൃഷികൾ നശിപ്പിച്ച വകയിൽ വനം വകുപ്പ് ആറളം ഫാമിംഗ് കോർപറേഷന് നഷ്ടപരിഹാര ഇനത്തിൽ നൽകാനുള്ളത് 91 കോടിയോളം രൂപ വരുമെന്നാണ് ഫാമിംഗ് കോർപ്പറേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഇതിനെകുറിച്ച് വനംവകുപ്പിന്റെ പ്രതികരണം ലഭ്യമല്ല. ഫാമിൽ പുതിയതായി ആരംഭിക്കുന്ന കൃഷികൾ ഉൾപ്പെടെ കാട്ടാനകൾ നശിപ്പിക്കുകയാണ്. ഫാമിൽ നിന്നും പുനരധിവാസ മേഖലയിൽ നിന്നും ആനകളെ പൂർണമായും തുരത്തിയാൽ മാത്രമേ ഇവിടെ ജനജീവിതവും കൃഷിയും സാധാരണ ഗതിയിലേക്ക് എത്തുകയുള്ളൂ. അതിനുള്ള പോംവഴി ആനമതിൽ നിർമാണം അടിയന്തരമായി പൂർത്തിയാക്കുക മാത്രമാണ്.