സമരിറ്റൻ പാലിയേറ്റീവ് ഏഴാം വർഷത്തിലേക്ക്
1460764
Saturday, October 12, 2024 5:18 AM IST
ശ്രീകണ്ഠപുരം: ചെറുപുഷ്പ സഭയുടെ സാമൂഹിക സേവന വിഭാഗമായ സമരിറ്റൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സമരിറ്റൻ സാന്ത്വന പരിചരണ കേന്ദ്രം ഏഴാം വർഷത്തിലേക്ക്. ജില്ലയിലെ മലയോര മേഖലകളെ കേന്ദ്രീകരിച്ച് 900 ൽ അധികം വീടുകളിലാണ് സമരിറ്റിൻ പാലിയേറ്റീവ് കെയർ ഭവനകേന്ദ്രീകൃത സാന്ത്വന പരിചരണം നടത്തുന്നത്.
ചെങ്ങളായി, ശ്രീകണ്ഠപുരം പയ്യാവൂർ, ഏരുവേശി,നടുവിൽ പ്രദേശങ്ങൾ ഡോ.കെ.ജെ. ലില്ലിയുടെ നേതൃത്വത്തിലും അമ്പായത്തോട്, കൊട്ടിയൂർ, ഇരിട്ടി,ഉളിക്കൽ മേഖലകൾ ബിജു മാണിക്യത്താന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സാന്ത്വന പരിചരണം നൽകുന്നത്. ഡോക്ടറുടെ മുഴുവൻ സമയ സേവനം ലഭിക്കുന്ന ജില്ലയിലെ അപൂർവ പാലിയേറ്ററുകളിൽ ഒന്നാണ് സമരിറ്റന്റേത്.
കിടപ്പുരോഗികൾക്ക് ആവശ്യകമായ മരുന്നുകൾക്കു പുറമേ ചെങ്ങളായി അരിമ്പ്രയിൽ പ്രവർത്തിച്ചുവരുന്ന സമരിറ്റൻ സാന്ത്വനകേന്ദ്രം വഴി കിടപ്പു രോഗികൾക്കാവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടർ, സെമി ഫോൾഡിംഗ് കട്ടിലുകൾ, വീൽചെയർ, വാക്കർ, എയർ ബെഡ്, തുടങ്ങിയവയും സൗജന്യമായി നൽകുന്നുണ്ട്.
പാലിയേറ്റീവ് കെയറിനോടൊപ്പം തന്നെ കിടപ്പുരോഗികളുടെയും ഭിന്നശേഷിക്കാരുടെയും, വിധവകളുടെയും, സാമ്പത്തീകമായി വളരെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലുള്ള മക്കൾക്കുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയും നടത്തി വരുന്നു. സിഎസ്ടി ഫാദേഴ്സിന്റെ കോഴിക്കോട് പ്രോവിൻസിന്റെയും ഇരിട്ടി എംജി കോളജ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, ചെറുപുഴ നവജ്യോതി കോളജ് എന്നീ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയുള്ള പദ്ധതതിയിൽ 178 കുട്ടികൾ അംഗങ്ങളാണ്.
അപകടങ്ങൾ മൂലം അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് വിവിധ സ്വയം തൊഴിൽ പരിശീലനം നൽകുന്നതോടൊപ്പം അവർ ഉണ്ടാക്കുന്ന വസ്തുക്കൾക്ക് സമരിറ്റന്റെ യുവജന കൂട്ടായ്മയായ 'സെറ്റിന്റെ' നേതൃത്വത്തിൽ വിപണന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സിഎസ്ടി ഫാദേഴ്സിന്റെ സെന്റ് തോമസ് പ്രോവിൻസും 125 ഓളം വരുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായ ഒപ്പവുമാണ് സമരിറ്റന്റെ കാരുണ്യ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്.