നിറയെ ചെണ്ടുമല്ലിപൂക്കൾ; വില്ക്കാനാകാതെ കർഷകർ
1458892
Friday, October 4, 2024 6:19 AM IST
പെരുമ്പടവ്: ജില്ലാ പഞ്ചായത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതി പ്രകാരം കൃഷി ചെയ്ത കർഷകന് പൂക്കൾ വിടരാൻ വൈകിയത് തിരിച്ചടിയായി. വിവിധ സംഘടനകളെകൊണ്ട് ജില്ലാ പഞ്ചായത്ത് ചെണ്ടുമല്ലിക്കൃഷി വ്യാപകമായി നടത്തിയിരുന്നു. ഓണത്തെ ലക്ഷ്യമാക്കിയാണ് വിത്തുകൾ വിതരണം ചെയ്തത്.
ഓണത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾക്ക് പകരം ഇവിടെയുള്ള കർഷകന് ഗുണം ലഭിക്കാനായണ് ഇവിടെ തന്നെ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ, ശക്തമായ മഴമൂലം പൂക്കൾ പല സ്ഥലങ്ങളിലും ഏറെ വൈകി വിരിഞ്ഞതാണ് തിരിച്ചടിയായത്. കൂടാതെ പുഴു കയറി പൂക്കളും ചെടികളും പല മേഖലകളിലും വ്യാപകമായി നശിക്കുകയും ചെയ്തു.
കർഷകർ ഏറെ പ്രതീക്ഷയോടെയാണ് വലിയ തുക ചെലവഴിച്ച് ചെണ്ടുമല്ലിക്കൃഷി വ്യാപകമായി ചെയ്തത്. എന്നാൽ, പല സ്ഥലങ്ങളിലും ഇപ്പോഴാണ് ചെടികൾ പൂത്തുനിൽക്കുന്നത്. ഇപ്പോൾ ഇത് വിൽക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 50 രൂപയ്ക്ക് പോലും പൂക്കൾ എടുക്കാൻ ആരും തയാറാകാത്ത അവസ്ഥയാണ്. പൂക്കൾ കർഷകരിൽ നിന്നും ശേഖരിക്കാനുള്ള നടപടികൂടി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അസുഖം കാരണം സ്വന്തമായി കൃഷിപ്പണികൾ ചെയ്യാൻ കഴിയാത്തതിനാൽ കൂലിക്ക് ആളെ നിയോഗിച്ചാണ് പടപ്പേങ്ങാടുള്ള സുകുമാരി പൂക്കൃഷി ചെയ്തത്.
ഇടയ്ക്ക് പുഴുക്കൾ കയറി ചെടി നശിക്കാൻ തുടങ്ങിയതോടെ മരുന്നടിച്ചും ഓരോ ചെടികൾക്കും ചുവട്ടിൽ മണ്ണിട്ടുമാണ് കൃഷി പുനരുദ്ധരിച്ചത്. ഇതിന് ഏറെ സാമ്പത്തിക ചെലവ് ഉണ്ടായി. എന്നാൽ, ഇപ്പോൾ പൂക്കൾ വില്ക്കാൻ സാധിക്കാത്തത് ഏറെ വിഷമമുണ്ടാക്കിയെന്നും സുകുമാരി പറയുന്നു.