നടുവൊടിക്കുന്ന മാക്കൂട്ടം ചുരം യാത്ര; ആശ്വാസമേകാൻ വരുമോ ദേശീയപാത?
1458656
Thursday, October 3, 2024 5:50 AM IST
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: വടക്കേ മലബാറിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കുടകിന്റെ കൂടി ഭാഗമാണ്. കണ്ണൂർ ജില്ലയിലെ പല ക്ഷേത്രങ്ങളിലും ഉത്സവ ആചാരങ്ങളിൽ കുടക് ദേശക്കാർ പ്രത്യേക സ്ഥാനീയരാണ്. കണ്ണൂരിനെയും കുടകിനെയും കൂട്ടിയിണക്കുന്നതിൽ മതപരവും സാംസ്കാരികവുമായ പങ്കുപോലെ പരമ പ്രധാനമാണ് മാക്കൂട്ടം ചുരം റോഡ്.
കൂട്ടുപുഴ മുതൽ പെരുമ്പാടിവരെ 19 കിലോമീറ്ററോളം വരുന്ന റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളും അഗാധമായ കൊക്കകളുമുള്ള റോഡ് ഇന്ന് യാത്രക്കാരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.
കൃത്യമായ പരിപാലനമില്ല
പൊട്ടിപ്പൊളിഞ്ഞ റോഡിൽ അപകടങ്ങളില്ലാത്ത ദിവസങ്ങൾ ചുരുക്കമാണ്. മഴ കനത്താൽ രാത്രികാലങ്ങളിൽ മരങ്ങൾ വീണും മണ്ണിടിഞ്ഞും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ട് ജനങ്ങൾ വനത്തിനുള്ളിൽ അകപ്പെട്ടുപോകുന്ന സംഭവങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ മറിഞ്ഞതിനെ തുടർന്ന് എട്ടുമണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്.
പലപ്പോഴും ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ അറിയാൻ ബന്ധപ്പെട്ടവർ വൈകും. മൊബൈൽ നെറ്റ്വർക്ക് പോലും ലഭ്യമല്ലാത്തതാണ് കാരണം. മാക്കൂട്ടം ചെക്ക് പോസ്റ്റ് കടന്നാൽ ബാക്കിവരുന്ന 14 കിലോമീറ്ററോളം പാത വൈദ്യുതിബന്ധമോ മൊബൈൽ നെറ്റ് വർക്കോ ഇല്ലാത്ത കാനന പാതയാണ്.
മഴയിൽ റോഡിന്റെ ഇരുവശങ്ങളിലെയും മണ്ണൊലിച്ച് രൂപപ്പെട്ട വലിയ ചാലുകൾ വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കേരളത്തിന്റെയും കർണാടകത്തിന്റെയും ആർടിസി ബസുകളും ടൂറിസ്റ്റ് ബസുകളുമടക്കം നൂറോളം ബസുകളാണ് സർവീസ് നടത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ മണിക്കൂറുകൾ പിന്നിട്ടാണ് വാഹനങ്ങൾ ചുരം കടന്നുപോകുന്നത്. അപകടകരമായ വളവുകൾ പലതും പൊട്ടിപ്പൊളിഞ്ഞ് സംരക്ഷണവേലി തകർന്ന് അപകട ഭീഷണിയിലാണ്. എന്നാൽ, റോഡ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകുന്നില്ല.
ദേശീയപാത കാത്ത്...
മുൻ ബിജെപി സർക്കാരിന്റെ കാലത്ത് കർണടകത്തിലെ ഹാസൻ ജില്ലയിലെ ചന്നരായപ്പട്ടണത്തുനിന്ന് തുടങ്ങി ഹോൾനരസിപ്പൂർ - അർക്കൽഗുഡ് - കൊഡ്ലിപേട്ട - മടിക്കേരി - വീരാജ്പേട്ട വഴി മാക്കൂട്ടം കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കാൻ തത്വത്തിൽ അംഗീകരിച്ചിരുന്നു. കേന്ദ്രമന്ത്രി ഇതുസംബന്ധിച്ച് ഉറപ്പും നൽകിയിരുന്നു. ദേശീയപാതയുടെ നീളം 183 കിലോമീറ്റർ വരും. 1600 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരുന്നത്.
കർണാടകത്തിലെ കാഷ്മീർ എന്ന് വിളിക്കപ്പെടുന്ന കുടകിനെആഭ്യന്തര - അന്തർ ദേശീയ ടൂറിസം മേഖലയിലെ പ്രധാന കണ്ണിയാക്കി മാറ്റാൻ ഇതിലൂടെ കഴിയും. കാപ്പി, കുരുമുളക് പോലുള്ള നാണ്യവിളകൾ സമയാസമയങ്ങളിൽ ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനും പ്രത്യേകിച്ച് ഈ മേഖലയിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തെ പ്രയോജനപ്പെടുത്തുന്നതിനും റോഡ് ഏറെ സഹായകരമാകുമെന്നാണ് കണക്കാക്കിയിരുന്നത്.
ഹൈവേ യാഥാർഥ്യമായാൽ കേരളത്തിനും ഏറെ പ്രയോജനകരമാകും. കുടക്, ഹാസൻ മേഖലകളിലെ നിരവധി ചരക്കുവാഹനങ്ങൾക്കും അന്തർസംസ്ഥാന ബസുകൾക്കും മറ്റ് യാത്രക്കാർക്കും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഏറെ ഗുണം ചെയ്യും.
കേരളത്തിൽ നിന്ന് കർണാടക മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പ്രയോജനകരമാകും. യാത്രാ സമയത്തിൽ ഏറെ മാറ്റമുണ്ടാക്കാനും ദേശീയ പാതയാക്കുന്നതിലൂടെ സാധിക്കും.