മാർ ലോറൻസ് മുക്കുഴി മെത്രാഭിഷേക രജതജൂബിലി നിറവിൽ; ആഘോഷം നാളെ ചെമ്പേരിയിൽ
1454533
Friday, September 20, 2024 1:55 AM IST
ചെമ്പേരി: കർണാടകയിലെ ബൽത്തങ്ങാടി രൂപത ബിഷപ് മാർ ലോറൻസ് മുക്കുഴി മെത്രാഭിഷേക രജതജൂബിലി നിറവിൽ. ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റക്കാരായ മുക്കുഴി കുടുംബാംഗമായ ബിഷപ്പിന്റെ ജൂബിലി ആഘോഷം നാളെ ചെമ്പേരിയിൽ നടക്കും.
ആഘോഷത്തിന്റെ ഭാഗമായി രാവിലെ 9.15ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലെ വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, ജൂബിലേറിയൻ മാർ ലോറൻസ് മുക്കുഴി എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി ആമുഖ പ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും കെ. സുധാകരൻ എംപി ആശംസാ പ്രഭാഷണവും മാർ ലോറൻസ് മുക്കുഴി മറുപടി പ്രസംഗവും നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ എൻഡോവ്മെന്റ് സമർപ്പണം നിർവഹിക്കും.
1978 ലാണ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ച് മാർ ലോറൻസ് മുക്കുഴി പ്രഥമ ദിവ്യബലിയർപ്പണം നടത്തിയത്. 1981 മുതൽ കർണാടകയിലെ വിവിധ ഇടവകകളിൽ വികാരിയായി ചുമതല വഹിച്ചു.
കർണാടക കാത്തലിക് എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, ബൽത്ത ങ്ങാടി മൈനർ സെമിനാരി റെക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.1994 മതൽ മൂന്നു വർഷക്കാലം കണ്ണൂരിന്റെ മലയോരത്തെ ചന്ദനക്കാംപാറ ചെറുപുഷ്പ ഇടവകയിൽ വികാരിയായിരുന്നു. തുടർന്ന് മംഗളൂരു അൽഫോൻസ പളളിയിൽ ദക്ഷിണ കർണാടക എപ്പിസ്കോ പ്പൽ വികാരിയായി ചുമതലയേറ്റു. 1999 ഏപ്രിൽ 24 ന് ബൽത്തങ്ങാടി രൂപത സ്ഥാപിതമായപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ലോറൻസ് മുക്കുഴിയെ രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചത്.