ഉത്രാടപ്പാച്ചിലിൽ നാടും നഗരവും
1453157
Saturday, September 14, 2024 1:44 AM IST
കണ്ണൂര്‍: തിരുവോണത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ഉത്രാടപ്പാച്ചിലിൽ നാടും നഗരവും. തിരുവോണം പൊടിപൊടിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് എല്ലാവരും. തിരുവോണത്തലേന്നാകുന്പോഴേക്കും നഗരത്തില്‍ വിവിധ ഭാഗങ്ങളിൾ വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഗൃഹോപകരണങ്ങള്‍, മൊബൈല്‍ഫോണ്‍, വസ്ത്ര വ്യാപരസ്ഥാപനങ്ങളുൾപ്പെടെയുള്ള വില്പന കേന്ദ്രങ്ങൾ വമ്പന്‍ ഓഫറുകളുമായി പരമാവധി ആളുകളെ തങ്ങളിലേക്കെത്തിക്കാൻ നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. വൈകുന്നേരങ്ങളിൽ കടകളിലും നഗരത്തിലും വൻ തിരക്കാണ്. സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ് എന്നിവയുടെ നേതൃത്വത്തില്‍ മേളകളും സജീവമായിട്ടുണ്ട്.
കൂടാതെ പോലീസ് മൈതാനിയിലെ കൈത്തറിമേളയും ദിനേശ് വിപണന മേളയും ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക വിപണന മേളകളുമെല്ലാം ജനനിബിഡമാണ്. ടൗണ്‍ സ്ക്വയറിനടുത്തുള്ള ഖാദി മേളയിലും വലിയ തിരക്കാണ്. ഇന്നലെ പല ജില്ലയിൽ പലയിടത്തും ഓണാഘോഷപരിപാടികൾ നടന്നു. ഇന്നു മുതൽ സ്കൂൾ കോളജ് വിദ്യാർഥികൾക്കും മറ്റ് സ്ഥാപനങ്ങളിലും അവധി തുടങ്ങി.
ചൂടോടെ കായ വറുത്തത്
തൂശനിലത്തുന്പത്ത് കായ വറുത്തത് ഇല്ലേല് ഓണ സദ്യ പൂര്‍ണമാകില്ല. ഓണമെത്തുന്നതിന് മുമ്പ് തന്നെ കായവറുത്തതിന് ആവശ്യക്കാരുടെ എണ്ണം ഇത്തവണ ഗണ്യമായി കൂടിയിട്ടുണ്ട്. വില ഇത്തിരി കൂടുതലാണെങ്കിലും കണ്ണൂരുകാര്‍ക്ക് സദ്യവട്ടത്തിൽ നിന്നൊഴിവാക്കാനാവാത്ത വിഭവമാണ് കായ വറുത്തത്.
ഓണക്കാലത്ത് അന്നന്ന് ഉണ്ടാക്കുന്ന കായവറുത്തത് അന്നു തന്നെ തീരുന്ന കച്ചവടമാണ് നടക്കുന്നത്.
ഓണം പ്രമാണിച്ച് നഗരത്തിലെ കടകളില്‍ സാധാരണയിലും കൂടുതല്‍ അളവിലാണ് കായ വറുത്തത് ഉണ്ടാക്കുന്നത്. കിലോയ്ക്ക് 360 രൂപയാണ് നിലവിലെ വില. ഇതിനൊപ്പം ശര്‍ക്കര ഉപ്പേരിയും ഇടം പിടിക്കും. ബേക്കറികളിലൂടെയാണ് ശര്‍ക്കര ഉപ്പേരി കൂടുതലായും വിറ്റുപോകുന്നത്.