കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ സ്ഥലം കൈയേറിയുള്ള നിര്‍മാണത്തിന് കളക്ടറുടെ സ്റ്റേ
1451713
Sunday, September 8, 2024 7:32 AM IST
പരിയാരം: ചാച്ചാജി വാര്‍ഡ് പൊളിക്കുന്നതിന് ജില്ലാ കളക്ടറുടെ വിലക്ക്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ സ്ഥലവും, കെട്ടിവും കൈയേറി ബാങ്കിഗ് സ്ഥാപനം നടത്താനുള്ള പാംകോസ് സൊസൈറ്റിയുടെ ശ്രമമാണ് അടുത്ത ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം ചേരുന്നതുവരെ എച്ച്എംസി ചെയര്മാന് കൂടിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.
1960ല്‍ സ്വാതന്ത്ര്യ സമരസേനാനി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന് നിര്‍മിച്ചു നല്കിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മയ്ക്കായി പണിത ചാച്ചാജി വാര്‍ഡാണ് പാംകോസ് അനുമതിയില്ലാതെ കൈയേറിയത്. എച്ച്എംസി അംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ രാജീവന് കപ്പച്ചേരിയുടെ നേതൃത്വത്തില്‍ ഇതിനെതിരേ നടത്തിയ ഇടപെടലാണ് കളക്ടറുടെ അടിയന്തര ഉത്തരവിലേക്ക് നയിച്ചത്.
സിപിഎം നിയന്ത്രിത സ്ഥാപ നമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിനെ മാറ്റാന്‍ അനുവദിക്കില്ലെന്നും അനധികൃതമായ പാര്‍ട്ടി കൈയേറ്റങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും ജില്ലാ ചെയര്മാന് പി.ടി മാത്യു. യുഡിഎഫ് പ്രതിനിധി സംഘം മെഡിക്കല്‍ കോളജ് കാമ്പസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേളപ്പജിയുടെ പേര് ചുരണ്ടി മാറ്റി
ശിലാഫലകത്തില്‍ നിന്നും കെ.കേളപ്പന്റെ പേര് ചുരണ്ടിമാറ്റിയ നിലയിൽ. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് കാമ്പസിലെ പഴയ ചാച്ചാജി വാര്‍ഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന്റെ പേരെഴുതിയ ശിലാഫലകത്തില്‍ നിന്നുമാണ് അദേഹത്തിന്റെ പേര് മായിച്ചു കളഞ്ഞത്. പാംകോസ് സൊസൈറ്റി ചാച്ചാജി വാർഡ് കൈയേറി നടത്തുന്ന കെട്ടിട നിര്‍മാണം വിവാദമായ ശേഷമാണ് ഫലകത്തിലെ അക്ഷരങ്ങള്‍ ചുരണ്ടിമാറ്റിയത്. ടിബി സാനിട്ടോറിയത്തില്‍ 50 കുട്ടികള്‍ക്ക് കിടക്കാനുള്ള വാര്‍ഡും അവരുടെ അമ്മമാര്‍ക്ക് വിശ്രമിക്കാനായി വാര്‍ഡിന് പുറത്ത് പ്രത്യേക കെട്ടിടവുമാണ് കേളപ്പജി അക്കാലത്ത് നിര്‍മിച്ച് സാനിട്ടോറിയത്തിന് സംഭാവന നല്‍കിയത്.