പുതിയങ്ങാടിയിലും പാലപ്പുഴ കൂടലാടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1451233
Saturday, September 7, 2024 1:37 AM IST
ഇരിട്ടി: കാട്ടാനഭീതി മലയോര മേഖലയിൽ വിട്ടൊഴിയുന്നില്ല. അറളം പഞ്ചായത്തിലെ പുതിയങ്ങാടിയിലും മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാടും എത്തിയ ആനക്കൂട്ടം വ്യാപക നാശം വരുത്തി. കൂടലാട് മലയോര ഹൈവെയോട് ചേർന്ന വീടിന്റെ പിറകുവശത്തെ മതിൽ ഭാഗികമായി തകർത്തു.
വീട്ടുമുറ്റത്തേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വലിയ തിട്ട കരണം പരാജയപ്പെട്ടു. കൂടലാട്ടെ ജി. ബിജുവിന്റെ വീടിനു നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം. വീടിന്റെ പിറകുവശത്തെ വാഴക്കൂട്ടം പൂർണമായും നശിപ്പിച്ചു. പുഴയോട് ചേർന്ന ഭാഗത്ത് സ്ഥാപിച്ച തൂക്കുവലിയും തകർത്തു. ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് ആനക്കൂട്ടം വീടിനടുത്ത് എത്തുന്നതെന്ന് ബിജു പറഞ്ഞു.
ആറളം ഫാം രണ്ടാം ബ്ലോക്കിൽ നിന്ന് ബാവലിപ്പുഴ കടന്നാണ് കൂടലാട് മേഖലയിലേക്ക് ആനക്കൂട്ടം എത്തുന്നത്. എടൂർ -മണത്തണ മലയോര ഹൈവേയോട് ചേർന്ന ഭാഗമാണിത്. ആന എത്തിയ ഭാഗവും മലയോര ഹൈവേയും തമ്മിൽ പത്ത് മീറ്ററിന്റെ അകലം പോലുമില്ല. പുലർച്ചെ രണ്ടിനാണ് ആനക്കൂട്ടം എത്തിയത്. പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് ഉണർന്ന് ലൈറ്റിട്ടപ്പോഴാണ് ആന വീടിനോട് ചേർന്ന ഭാഗത്തുള്ളകാര്യം അറിയുന്നത്. മലയോര ഹൈവേ വഴി എല്ലാ സമയത്തും വാഹനങ്ങൾ കടന്നുപോകാറുണ്ട്. പ്രഭാത സവാരി നടത്തുന്നവരും ഏറെയാണ്. മേഖലയിൽ വൻ ഭീഷണിയാണ് ആനക്കൂട്ടം ഉണ്ടാക്കുന്നത്.
കീഴ്പള്ളിയിലെ പുതിയങ്ങാടിയിൽ ജനവാസ മേഖലയിൽ എത്തിയ ആനകൾ വ്യാപക കൃഷിനാശം വരുത്തി. കാഞ്ഞിരക്കാട്ട് മാമൻ, ജോസ് എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കമുക് എന്നിവയാണ് നശിപ്പിച്ചത്. ജനകീയ സമിതി നിർമിച്ച ഫെൻസിംഗ് തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിപ്പിച്ചത്. മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. ആറളം ഫാമിൽ തമ്പടിച്ച ആനകളാണ് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ആനമതിൽ പൂർത്തീകരണം വൈകുന്നതിനാൽ ഫാമിൽ നിന്നും വനത്തിലേക്ക് തുരത്തുന്ന ആനകൾ അടുത്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരച്ച് ഫാമിലേക്ക് പ്രവേശിക്കുന്നു.
പുതിയങ്ങാടിയിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ച കൃഷി സ്ഥലം കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. എടൂർ മേഖല ഡയറക്ടർ ഫാ. മാത്യു ചക്കിയാരത്ത്, മാങ്ങോട് യൂണിറ്റ് ഡയറക്ടർ ഫാ. ഏബ്രഹാം കൊച്ചുരയ്ക്കൽ,ബെന്നി പുതിയാംപുറം, സുരേഷ് ജോർജ്, ബെന്നി മഠത്തിനകം, ജോസ് പുത്തൻപുര, ജയിംസ് പാറയിൽ, ഷാജു ഇടശേരി, ജോഷി പൂവത്തോലിൽ, ഷാജി പഴയതോട്ടം, ബേബി കോലത്ത്, ജോസ് ഇലഞ്ഞിക്കൽ, കെ.ടി ജോസ് എന്നിവരാണ് സന്ദർശിച്ചത്.