നെടുംപൊയില്‍ ചുരം വഴിയുളള ഗതാഗത നിരോധനം തുടരും
1444969
Thursday, August 15, 2024 1:48 AM IST
നെടുംപൊയില്‍: നെടുംപൊയില്‍ ചുരം വഴിയുളള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. കഴിഞ്ഞ 30നാണ് ചുരം വഴിയുളള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. കനത്ത മഴയെ തുടര്‍ന്ന് തലശേരി-ബാവലി റോഡിലെ നെടുംപൊയില്‍ ചുരത്തില്‍ നാലാമത്തെ ഹെയര്‍പിന്‍ വളവിന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്ന് വലിയ വിളളല്‍ രൂപപ്പെട്ടിരുന്നു. റോഡ് അപകടാവസ്ഥയില്‍ ആയതോടെയാണ് ഗതാഗതം നിരോധിക്കേണ്ടി വന്നത്.
40 മീറ്ററിലധികം നീളത്തില്‍ മൂന്ന് അടിയോളമാണ് റോഡ് താഴ്ന്നത്. റോഡിന്റെ സംരക്ഷണഭിത്തിയടക്കമാണ് താഴ്ന്നുപോയത്. റോഡിനെ കുറുകെയും വലിയ വിളളല്‍ രൂപപ്പെട്ടിരുന്നു. പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമായിരുന്നു ചുരം വഴിയുളള ഗതാഗതം നിരോധിച്ചത്. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന വിളളൽ ഇപ്പോൾ കൂടിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുളള സംഘമെത്തി പരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (റോഡ് ഡിവിഷന്) എം. ജഗദീഷ് അറിയിച്ചു. ഈ സംഘം അടുത്തുതന്നെ സ്ഥലം സന്ദർശിക്കും. അപകട സാധ്യത നിലനില്‍ക്കുന്ന തിനാല്‍ റോഡിന്റെ പ്രവൃത്തി നടത്തിയ ശേഷം മാത്രമേ ഇനി നെടുംപൊയില്‍ ചുരം വഴിയുളള ഗതാഗതം പുനസ്ഥാപിക്കൂ.
ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് കൊട്ടിയൂര്‍ -അമ്പായത്തോട് - പാല്‍ചുരം വഴി വേണം പോകാന്‍.