പൊതുസ്ഥലങ്ങൾ മാലിന്യക്കൂമ്പാരങ്ങളാകുന്നു
1444141
Monday, August 12, 2024 1:03 AM IST
പെരുമ്പടവ്: പൊതുസ്ഥലങ്ങളും പൊതുവീഥികളും മാലിന്യക്കൂമ്പാരങ്ങളായി മാറുന്നു. പ്ലാസ്റ്റിക്കുകളും മറ്റു പാഴ്വസ്തുക്കളും വലിച്ചെറിയുന്നതിനുള്ള സ്ഥലമായി മാറുകയാണ് പൊതുവീഥികൾ. ചപ്പാരപ്പടവ് പഞ്ചായത്തിൽ ഇതിനെതിരെ കടുത്ത ജാഗ്രത പുലർത്തുകയും വലിയ തോതിൽ ഫൈൻ ഈടാക്കുന്നുമുണ്ട്. എന്നാൽ, രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ തള്ളുന്നത്.
കഴിഞ്ഞദിവസം എടക്കോം പള്ളിയുടെ സമീപത്ത് കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയാണ് കൊണ്ടുവന്നിട്ടിരിക്കുന്നത്. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കുകളും ബോട്ടിലുകളും ഉൾപ്പെടെ ശേഖരിക്കുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്ന പ്രവണതയ്ക്ക് കുറവുണ്ടാകുന്നില്ല.
എന്നാൽ, ഇതിന് വിഭിന്നമായി പെരുമ്പടവ് ടൗണിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇനിമുതൽ പ്ലാസ്റ്റിക് കവറുകളിൽ വില്പന നടത്തുന്നില്ലെന്ന തീരുമാനമെടുത്തിരിക്കുന്നത് ഏറെ അഭിമാനകരമാണ്.
പദ്ധതിയുടെ ഉദ്ഘാടനം 14ന് വൈകുന്നേരം പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ നിർവഹിക്കും.
ഇതോടൊപ്പം തുണി സഞ്ചി വിതരണവും നടത്തും. മാലിന്യങ്ങൾ കൂടുതലായി വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.