മുഴപ്പിലങ്ങാട് വാഹനമിടിച്ച് യുവതി മരിച്ചു
1444122
Sunday, August 11, 2024 11:30 PM IST
മുഴപ്പിലങ്ങാട്: ദേശീയപാത 66 മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന കാറിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ ബൂസ്റ്റ് ക്ലബിനു സമീപം ഷംനാസിൽ ഷംന ഫൈഹാസ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ മുഴപ്പിലങ്ങാട് മഠത്തിനു സമീപമായിരുന്നു സംഭവം. മുഴപ്പിലങ്ങാട്ടെ ബന്ധുവിന്റെ വിവാഹവീട്ടിലേക്കു പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. മാതാപിതാക്കളും മകളും കൂടെയുണ്ടായിരുന്നു. അവർക്ക് റോഡിനപ്പുറത്തേക്ക് എത്താനായെങ്കിലും ഷംന റോഡിൽ കുടുങ്ങുകയായിരുന്നു.
ഇതേതുടർന്ന് കാർ വന്നിടിച്ച് ഷംനയെ മറിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് ഉച്ചയ്ക്ക് സിറ്റി ജുമാ മസ്ജിദിൽ. മുഹമ്മദ്അബ്ദുള്ള-ഷാഹിദ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഫൈഹാസ് മഠത്തിൽ. മക്കൾ: മുഹമ്മദ്ഫിസാൻ (സി.എ വിദ്യാർഥി, ബംഗളൂരു), സൈന നഷ്വ (ദീനുൽ ഇസ്ലാം സഭ വിദ്യാർഥിനി).