30 ലക്ഷം കർഷകരുടെ ജീവിതം ദുസ്സഹമാക്കാനുള്ള നീക്കം അനുവദിക്കില്ല: അതിരൂപത പാസ്റ്ററൽ കൗൺസിൽ
1444074
Sunday, August 11, 2024 7:32 AM IST
ചെമ്പേരി: വയനാട് ദുരന്തത്തിന്റെ മറവിൽ 30 ലക്ഷം മലയോര കർഷകരുടെ ജീവിതം ദുസ്സഹമാക്കുന്ന നിലപാടുകളും നയങ്ങളും രൂപീകരിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിൽ തലശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം ആശങ്ക അറിയിച്ചു. മാധവ് ഗാഡ്ഗിൽ-കസ്തൂരി രംഗൻ
കമ്മീഷനുകളുടെ കർഷക വിരുദ്ധ ശിപാർശകൾ നടപ്പാക്കാനാണു ശ്രമം. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. ഖാദർ കമ്മീഷൻ നിർദേശങ്ങളിൽ ഭാവനാത്മകമായ ചില കാര്യങ്ങൾ ഉണ്ടെങ്കിലും സാമൂഹിക യാഥാർഥ്യങ്ങൾ ഉൾകൊള്ളാത്തതും ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്നതുമായ ശിപാർശകൾ ചേർത്തതിനാൽ ഈ റിപ്പോർട്ട് അപ്രസക്തമാണ്. ഇത്തരം ശിപാർശകൾ സർക്കാർ തള്ളിക്കളയണം. ഖാദർ കമ്മീഷൻ റിപ്പോർട്ട് അതേപടി നടപ്പാക്കരുതെന്നും പാസ്റ്ററൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
19-ാമത് പാസ്റ്ററൽ കൗൺസിലിന്റെ മൂന്നാമത് യോഗം സീറോ മലബാർ സഭാ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. നേതൃസ്ഥാനങ്ങളിലുള്ളവർ ഒന്നിലധികം അഭിപ്രായങ്ങൾ സ്വീകരിച്ചും കൂടിയാലോചനകളും ചർച്ചകളും നടത്തിയും തീരുമാനങ്ങൾ രൂപപ്പെടുത്തുമ്പോഴാണ് വിജയമാകുകയെന്ന് അദ്ദേഹം പറഞ്ഞു.
സഭയിൽ രൂപതാതലത്തിൽ നേതൃത്വത്തിലുള്ളവർക്ക് ക്രിയാത്മകമായ ഉപദേശങ്ങളും ശിപാർശകളും നൽകുകയെന്ന ഉത്തരവാദിത്തമാണ് പാസ്റ്ററൽ കൗൺസിലുകൾക്ക് ഉള്ളതെന്നും തലശേരി അതിരൂപത ഇക്കാര്യത്തിൽ മാതൃകയാണെന്നും മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു.തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു.
അതിരൂപതയുടെ നേതൃത്വത്തിൽ റിട്ടയർമെന്റ് ജീവിതം ആഹ്ലാദപ്രദവും സുരക്ഷിതമാക്കാൻ വിഭാവനം ചെയ്തിട്ടുള്ള "ഹാപ്പി വില്ലേജ്' പദ്ധതിയുടെ ബ്രോഷർ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2025 സാമുദായിക ശാക്തീകരണ വർഷമായി ആചരിക്കും. അതിരൂപത കേന്ദ്രത്തിൽ ഹെൽപ് ഡസ്ക്ക് ആരംഭിക്കും.
അഞ്ചാംക്ലാസ് മുതൽ വിദ്യാർഥികളെ അനുധാവനം ചെയ്യാൻ ലക്ഷ്യമിട്ട എജ്യുസ്പാർക്ക് പദ്ധതി നടപ്പാക്കും.വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾക്ക് വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ, ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കിസാൻ സൊസൈറ്റി ദേശീയ പ്രസിഡന്റ് ജോസ് തയ്യിൽ, അതിരൂപത വൈസ് ചാൻസിലർ ഫാ. ജോസഫ് റാത്തപ്പിള്ളിൽ, സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ എന്നിവർ പ്രസംഗിച്ചു.