പുതിയ തീവ്രപരിചരണ വിഭാഗം ആരംഭിക്കുന്നതിന് 21.75 കോടി
1442387
Tuesday, August 6, 2024 1:44 AM IST
പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്രപരിചരണ വിഭാഗം ആരംഭിക്കുന്നതിന് 21.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. വിജിൻ എംഎൽഎ അറിയിച്ചു. 50 കിടക്കകൾ ഉൾപ്പടെ 46373. 25 ചതുരശ്ര അടിയിൽ അത്യാധുനിക നിലവാരത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണത്തിന് സർക്കാർ ഏജൻസിയായ ഇൻകലിനെയാണ് ചുമതല നൽകിയിരിക്കുന്നത്.
ലോവർ ഗ്രൗഡ് ഫ്ലോറിൽ റിസപ്ഷൻ, രജിസ്ട്രേഷൻ കൗണ്ടർ. റെക്കോർഡ് റൂം, ഫാർമസി, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, എട്ട് ഒ പി റൂം, പ്രൊസിജിയർ റൂം, സാമ്പിൾ ശേഖരണ മുറി, എക്സറേ, കാത്തിരിപ്പ് കേന്ദ്രം, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം, സെക്യൂരിറ്റി കാബിൻ, ടോയ്ലറ്റ് സൗകര്യങ്ങൾ, ലിഫ്റ്റ് എന്നിവയും ഗ്രൗണ്ട് ഫ്ളോറിൽ ഒബ്സർവേഷൻ റൂം, റിസപ്ഷൻ, മൈനർ പ്രൊസിജർ റൂം, രണ്ട് മറ്റേണിറ്റി വാർഡ്, നവജാത ശിശു തീവ്ര പരിചരണ യൂണിറ്റ്, പ്രീ ഒ പി റിക്കവറി രണ്ട് ബെഡ്, ഓപ്പറേഷൻ തിയേറ്റർ, പത്തു ഐസിയു ബെഡ്, ആറ് എച്ച്ഡിയു ബെഡ്, ടിഎസ്എസ്യു, ഡോക്ടർ, സ്റ്റാഫ് റെസ്റ്റ് റൂം, സ്റ്റാഫ് റൂം, സ്കാനിംഗ് യൂണിറ്റ്, ഉപകരണ സൂക്ഷിപ്പ് കേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, ഫയർ കൺട്രോൾ റൂം എന്നീ സൗകര്യങ്ങളും ഉണ്ടാകും.
ഒന്നാം നിലയിൽ 24 വാർഡുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഐസൊലേഷൻ റൂം, എച്ച്ഒഡി, പിആർആർഒ റൂം, പിജി ഡോർമെട്രി, കോൺഫറൻസ് ഹാൾ, ക്ലാസ് റൂം, നഴ്സിംഗ് സ്റ്റേഷൻ, കൂട്ടിരിപ്പുകാർക്കുള്ള കേന്ദ്രം എന്നിവയും ഉണ്ടാകും. വേഗത്തിൽ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർദേശം നിർവഹണ ഏജൻസിയായ ഇൻകലിന് നൽകിയതായും എം. വിജിൻ എംഎൽഎ അറിയിച്ചു.