കൂറ്റൻ പാലമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു
1442384
Tuesday, August 6, 2024 1:44 AM IST
ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ ചെക്പോസ്റ്റിനു സമീപം പേരട്ട റോഡിൽ കൂറ്റൻ പാലമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. വർഷങ്ങൾ പഴക്കംചെന്ന് ജീർണിച്ചു തുടങ്ങിയ മരം മഴക്കാലത്ത് സമീപത്തെ വ്യാപാര സ്ഥാപനത്തിനും പോലീസ്, എക്സൈസ് ചെക്ക്പോസ്റ്റ് ഉൾപ്പെടെയുള്ളവയ്ക്കും ഭീഷണിയാണ്.
തായ്തടി ഉൾപ്പെടെ കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുതുടങ്ങിയ മരത്തിന്റെ ശിഖരങ്ങൾ പലതും ജീർണിച്ച് ഏതുനിമിഷവും നിലം പതിക്കുന്ന നിലയിലാണ്. മരത്തിന് കീഴിലായി പ്രവർത്തിക്കുന്ന ലോട്ടറിക്കടയ്ക്കും അന്തർസംസ്ഥാന യാത്രക്കാരുടെ വിശ്രമകേന്ദ്രമായ അതിർത്തിയിലെ ഹോട്ടലിനും നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്കും ഭീഷണി ആകുന്ന രീതിയിലാണ് മരം നിൽക്കുന്നത്.
വീരാജ്പേട്ടക്ക് ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഉൾപ്പെടെ ഭീക്ഷണിയാകുന്ന അപകടാവസ്ഥയിലായ മരം അധികൃതർ ഇടപെട്ട് അടിയന്തരമായി മുറിച്ചുമാറ്റണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. പോലീസുകാരും എക്സൈസ് ഉദ്യോഗസ്ഥരും നിരവധി യാത്രക്കാരും കടന്നുപോകുന്ന വഴിയിൽ മരം കടപുഴകി വീണാൽ ഹൈടെൻഷൻ വൈദ്യുത ലൈൻ ഉൾപ്പെടെ കടന്നുപോകുന്ന സ്ഥലത്ത് വലിയ അപകടമായിരിക്കും സംഭവിക്കുകയെന്നും പ്രദേശവാസികൾ പറയുന്നു.