പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം
1442084
Monday, August 5, 2024 1:56 AM IST
ചപ്പാരപ്പടവ്: അമ്മംകുളം സെന്റ് ആന്റണീസ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. പള്ളിയുടെ മുന്പിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രോട്ടോയോട് ചേർന്നുള്ള നേർച്ചപ്പെട്ടിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്നത്. സാധാരണ ഞായറാഴ്ചകളിലാണ് ഈ നേർച്ചപ്പെട്ടി തുറക്കാറ്. ഇന്നലെ രാവിലെ പത്തോടെ ട്രസ്റ്റിമാർ നേർച്ചപ്പെട്ടി തുറക്കാൻ ചെന്നപ്പോഴാണ് തുറന്നു കിടക്കുന്നതായി കാണുകയും ഉള്ളിലുള്ള പൈസ നഷ്ടപ്പെട്ടതായും അറിഞ്ഞത്.
ഇതിന് ഒരാഴ്ച മുമ്പാണ് നേർച്ചപ്പെട്ടി തുറന്നത്. സാധാരണ എല്ലാ ആഴ്ചയും അയ്യായിരത്തിൽ കുറയാതെ തുക നേർച്ചപ്പെട്ടിയിൽ നിന്നും ലഭിക്കുന്നതാണ്. നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയതിനെക്കുറിച്ച് ട്രസ്റ്റി തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എട്ടുവർഷം മുന്പും ഇതേപോലെ ഇവിടെ മോഷണം നടന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മംകുളം, മടക്കാട് പ്രദേശങ്ങളിൽ പല വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിട്ടുണ്ട്. പ്രദേശത്ത് മോഷണം പെരുകുന്നതിനെതിരേ പ്രദേശവാസികൾ ആശങ്കയിലാണ്.