അപകടാവസ്ഥയിലായ മരം മുറിച്ചുനീക്കണം
1441959
Sunday, August 4, 2024 7:51 AM IST
പെരുമ്പടവ്: പെരുമ്പടവ് ടൗണിൽ പെട്രോൾ പമ്പിന് സമീപത്തായി റോഡിലേക്ക് ചെരിഞ്ഞ് അപകടഭീഷണിയുയർത്തുന്ന മരം മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തം. ഏതുനിമിഷവും റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലാണ് മരം നിൽക്കുന്നത്.
ഇതിനു സമീപത്തു തന്നെയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പെരുമ്പടവ് ബ്രാഞ്ചും, ഓഡിറ്റോറിയവും, നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലൊക്ക നിരവധിയാളുകളാണ് ദിനം പ്രതിയെത്തുന്നത്.
മരത്തിന് സമീപത്തായി നിരവധി വാഹനങ്ങളും പാർക്ക് ചെയ്യാറുണ്ട്. കൂടാതെ പെട്രോൾ പന്പിലേക്ക് വരുന്ന വാഹനങ്ങൾ കൊണ്ടും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. മരം റോഡിൽ നിൽക്കുന്നതു മൂലം എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണുന്നതിനും തടസം നേരിടുന്നുണ്ടെന്ന് ഇവിടെയെത്തുന്നവർ പറയുന്നു. മരം വീണാൽ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നും എത്രയും വേഗം ഈ മരം മുറിച്ചു മാറ്റണമെന്നും വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നു.