അഹ്നഫിനും സയാനും ജീവനായി ഹൃദു നന്ദും ശ്രീഹരിയും
1435041
Thursday, July 11, 2024 1:31 AM IST
തലശേരി: കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന വിദ്യാർഥികൾക്ക് രക്ഷകരായി ഹൈസ്കൂൾ വിദ്യാർഥികൾ. ചൊക്ലി കിടഞ്ഞിയിലെ ചീരോത്ത് ഹനീഫയുടെ മകൻ അഹ്നഫിനും കൂവ്വയിൽ സമീറിന്റെ മകൻ മുഹമ്മദ് സയാനുമാണ് കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ഹൃദു നന്ദിന്റെയും ശ്രീഹരിയുടെയും ധൈര്യം തുണയായത്.
എൻഎഎം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഹ്നഫും കിടഞ്ഞി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സയാനും കഴിഞ്ഞ അവധി ദിനത്തിൽ കുളത്തിൽ കുളിക്കാനായി എത്തിയതായിരുന്നു. സയാനായിരുന്നു ആദ്യം മുങ്ങിയത്. സയാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഹ്നഫും മുങ്ങി. ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹപാഠിയുടെ നിലവിളികേട്ട് കുളത്തിന്റെ പരിസരത്തു കളിച്ചുകൊണ്ടിരുന്ന ഹൃദു നന്ദും ശ്രീഹരിയും ഓടിയെത്തി.
ഇവർ കുളത്തിൽ ചാടി മുങ്ങിത്താഴുകയായിരുന്ന അഹ്നഫിനെയും സയാനെയും കരയ്ക്കെത്തിച്ചു.
തങ്ങൾ ചെയ്ത ധീരപ്രവൃത്തിയെക്കുറിച്ച് ആരോടും പറഞ്ഞില്ലെങ്കിലും ഇരുവരും ഇന്ന് നാട്ടിലെ ഹീറോകളാണിവർ. കിടഞ്ഞി മഹല്ല് കമ്മിറ്റി ഒരുക്കിയ ചടങ്ങിൽ ഹൃദു നന്ദിനെയും ശ്രീഹരിയെയും അനുമോദിച്ചു. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ. സൈനുൽ ആബിദീൻ ഇരുവർക്കും അയ്യായിരം രൂപ കാഷ് അവാർഡ് നൽകി. കൂടെ പ്രായപൂർത്തിയാകുന്പോൾ വിദേശ വിനോദയാത്രയും വാഗ്ദാനം ചെയ്തു.