മൺതിട്ട പുഴയിലേക്ക് ഇടിഞ്ഞു; റോഡ് തകർച്ചാ ഭീഷണിയിൽ
1431196
Monday, June 24, 2024 1:05 AM IST
പൈസക്കരി: പയ്യാവൂർ-പൈസക്കരി മലയോരപാതയിലെ വണ്ണായിക്കടവ് ഭാഗത്ത് പുഴയോരത്തോട് ചേർന്ന റോഡരികിലെ മൺതിട്ട മരങ്ങളടക്കം ഇടിഞ്ഞ് പുഴയിലേക്ക് വീണു. ഇതോടെ സമീപത്തെ റോഡ് തകർച്ചാ ഭീഷണി നേരിടുകയാണ്. കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പുയർന്ന് ഒഴുക്കിന്റെ ശക്തി കൂടിയതോടെയാണ് തിട്ട പുഴയിലേക്ക് ഇടിഞ്ഞത്. പുളിയ്ക്കൽ ലാലച്ചൻ എന്നയാളുടെ വീടിനു സമീപത്തായുള്ള റോഡരികിലാണ് മണ്ണിടിച്ചിലുണ്ടായിട്ടുള്ളത്.
ഇവിടെ പുഴയോടു ചേർന്ന ഭാഗത്തെ വള്ളിക്കെട്ടുകൾ നിറഞ്ഞവൻ മരങ്ങൾ പുഴയിലേക്ക് മറിഞ്ഞ നിലയിലാണ്. ഈ ഭാഗത്ത് പുഴയോരത്തും റോഡരികിലുമായുള്ള മൺതിട്ടയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൻമരങ്ങൾ ഉടൻ മുറിച്ച് മാറ്റിയില്ലെങ്കിൽ ഇനിയും പുഴയിലെ വെള്ളം ഉയരുന്നതോടെ റോഡരികിലെ മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലാകുമെന്ന് നാട്ടുകാർ പറഞ്ഞു. മുൻകാലങ്ങളിൽ ഇത്തരം സംഭവം ഉണ്ടായതായും ഇവർ ചൂണ്ടിക്കാട്ടുന്നു.