ന്യൂമാഹിയിൽ "സ്റ്റീൽ ബോംബ് '; ചെണ്ടയാട് റോഡിൽ സ്ഫോടനം
1431190
Monday, June 24, 2024 1:05 AM IST
മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസിന്റെ സർവീസ് റോഡിൽ കവിയൂർ മണ്ടബസാറിൽ കണ്ടെത്തിയ "സ്റ്റീൽ ബോംബും' പാനൂർ ചെണ്ടയാട് കുനിമ്മൽ പ്രദേശത്തുണ്ടായ സ്ഫോടനവും ജില്ലയെ ആശങ്കയിലാക്കി. കഴിഞ്ഞ ദിവസം തലശേരി എരഞ്ഞോളിയിൽ ആളൊഴിഞ്ഞ പറന്പിലുണ്ടായ സ്ഫോടനത്തിൽ വൃദ്ധൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് ബോംബുകൾക്കും ആയുധങ്ങൾക്കുമായി പരിശോധന നടത്തി വരുന്നതിനിടെയുണ്ടായാണ് രണ്ടു സംഭവങ്ങളും നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു കുനിമ്മൽ പ്രദേശത്തെ റോഡിൽ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബിന്റെ അവശിഷ്ടങ്ങൾ ഒന്നും ലഭിച്ചില്ല. സൂക്ഷ്മ പരിശോധനയിൽ പൊട്ടിയത് ഏറുപടക്കമാണെന്ന് കണ്ടെത്തി. എന്നാൽ സ്ഫോടനം നടത്തിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഇന്നലെ വൈകുന്നേരം നാലോടെയാണ് മുഴപ്പിലങ്ങാട്-മാഹി ബൈപാസിന്റെ സർവീസ് റോഡകരികിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന വസ്തു പ്രദേശവാസികൾ കണ്ടെത്തിയത്. ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും ന്യൂമാഹി എസ്ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി സ്റ്റീൽ ബോംബ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് യഥാർഥ ബോംബല്ലെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. സ്റ്റീൽ പാത്രത്തിൽ പൂഴി നിറച്ച നിലയിലായിരുന്നു ബോംബെന്ന് കരുതിയ വസ്തു. പോലീസിനെ കബളിപ്പിക്കാനും ജനങ്ങളിൽ പരിഭ്രാന്തി പടർത്താനും സാമൂഹ്യവിരുദ്ധർ കൊണ്ടുവച്ചതാകാം ഇതെന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.