പയ്യാവൂർ: പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ ലഭിക്കാതെ ഒന്നേകാൽ ലക്ഷത്തോളം പെൻഷൻകാർ മരണമടഞ്ഞ സാഹചര്യത്തിൽ അവശേഷിക്കുന്ന പെൻഷൻകാർ നിലനിൽപ്പിനായി സമരസജ്ജരാകണമെന്ന് കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി കെ.സി. രാജൻ. കെഎസ്എസ്പിഎ പയ്യാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടി.ടി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിത്സൺ മാത്യു ആമുഖപഭാഷണം നടത്തി.
പയ്യാവൂർ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം ചന്ദ്രാംഗദൻ പുതിയ അംഗങ്ങളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന കൗൺസിൽ അംഗം പി.ടി. കുര്യാക്കോസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പെൻഷൻകാരുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധി ഫണ്ടിലേക്ക് പെൻഷൻകാരിൽ നിന്നും സമാഹരിച്ച തുക നിയോജകമണ്ഡലം സെക്രട്ടറി ജോസ് അഗസ്റ്റിന് കൈമാറി. ഇ.കെ. കുര്യൻ, പി.സി. സ്കറിയ, ജോസ് സക്കറിയ, ആൻസി ഫിലിപ്പ്, പി.പി. സണ്ണി, എം.പി. സിറിയക്ക് എന്നിവർ പ്രസംഗിച്ചു.