ഇരിട്ടി: മലയോരത്തിന്റെ വിസ്മയ കാഴ്ചകൾ കണ്ടെത്താൻ വിനോദ സഞ്ചാര സാധ്യതകൾ പങ്കുവച്ച് സെമിനാർ. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് എയർപോർട്ട് സിറ്റി ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇരിട്ടിയിൽ സ്വപ്ന ഭൂമിയുടെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ കൊട്ടിയൂർ മുതൽ പയ്യാവൂർ വരെയും മട്ടന്നൂർ നഗരസഭയ്ക്കിപ്പുറവുമായി ഉള്ള പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ ഏകോപിപ്പിച്ച് സമഗ്ര പ്ലാൻ തയാറാക്കാൻ ലക്ഷ്യമിട്ടായിരുന്നു സെമിനാർ നടത്തിയത്.
ആഭ്യന്തര സഞ്ചാരികളെ മലയോരത്തിന്റെ സ്വപ്നഭൂമിയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളും പ്രചാരണങ്ങളുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഴശി പദ്ധതി പ്രദേശവും ജലാശയങ്ങളും കൊട്ടിയൂർ ഉൾപ്പെടെ മലയോരത്തെ പ്രധാന ആരാധനാലയങ്ങൾ, സഞ്ജീവനി ആയുർവേദ പാർക്ക്, ഇരിട്ടി കാവ്, അകുംതുരുത്ത്, പഴശി പദ്ധതി പ്രദേശത്തെ പച്ചതുരുത്തുകൾ, പെരുമ്പറമ്പ് ഇക്കോപാർക്ക്, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതം, ബ്രിട്ടീഷുകാർ നിർമിച്ച ഇരിട്ടി-കൂട്ടുപുഴ പാലങ്ങൾ, ആറളം ഫാമും പുനരധിവാസ മേഖലയുമെല്ലാം വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ഇതിനെ പരിപോഷിപ്പിക്കാനുള്ള പദ്ധതികളും നിർദേശങ്ങളുമാണ് സെമിനാറിൽ പങ്കുവച്ചത്.
സണ്ണിജോസഫ് എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു. ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി നഗരസഭാ ചെയർമാൻ കെ. ശ്രീലത, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. രജനി, കെ.പി. രാജേഷ്, പി. ശ്രീമതി, സി.ടി. അനീഷ്, കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, നഗരസഭാ വൈസ്ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭാ അംഗങ്ങളായ വി.പി. അബ്ദുൾ റഷീദ്, പി. രഘു, കെ. മുരളീധരൻ, ചേംബർ ഓഫ് കോമേഴ്സ് എയർപേർട്ട് സിറ്റി ചാപ്റ്റർ ചെയർമാൻ കെ.ടി.അനൂപ്, സെക്രട്ടറി പി.കെ. ജോസഫ്, എൻഎംസിസി ഡയറക്ടർ ടി.ഡി. ജോസ് എന്നിവർ പ്രസംഗിച്ചു. ഹരിത കേരളാ മിഷൻ റിസോഴ്സസ് പേഴ്സൺ ജയപ്രകാശ് പന്തക്ക കരട് രേഖ അവതരിപ്പിച്ചു. സമഗ്ര രൂപരേഖ എൻഎംസി ഡയരക്ടർ ടി.ഡി. ജോസ് ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാറിന് കൈമാറി.