ചെളിപിടിച്ച ബസുകളുമായി കെഎസ്ആർടിസി
1429765
Sunday, June 16, 2024 8:02 AM IST
കണ്ണൂർ: ചെലവു ചുരുക്കലിന്റെ ഭാഗമായി ബസുകൾ കഴുകുന്നത് ഇടവിട്ട ദിവസങ്ങളിലാക്കിയപ്പോൾ പൊടിയും ചെളിയും നിറഞ്ഞ ബസുകളുമായി കെഎസ്ആർടിസി നിരത്തുകളിൽ. മഴക്കാലമായതോടെ ചെളി നിറഞ്ഞ ബസുകളിൽ ആളുകൾ കയറാൻ തയാറാകുന്നില്ല. കൂടാതെ ബോർഡുകൾ പോലും പോലും യാത്രക്കാർക്ക് വായിക്കാൻ പറ്റുന്നില്ല. ബസിന്റെ വാതിൽ തുറന്ന് അകത്തുകയറിയാൽ കൈയിൽ ചെളിയും പറ്റും. ചെളിയെ ചൊല്ലി ബസ് ജീവനക്കാരോട് യാത്രക്കാർ കയർക്കുന്നതും പതിവാണ്.
മുന്‍പ് എല്ലാം ദിവസവും അതാത് ഡിപ്പോകളിൽ ബസുകൾ കഴുകുമായിരുന്നു. ഇതിനായി മൂന്നോ നാലോ ജീവനക്കാരും കരാർ വ്യവസ്ഥയിൽ ഉണ്ട്. 27 രൂപയായിരുന്നു ഒരു ബസ് കഴുകുന്നതിന് മുന്‍പുണ്ടായിരുന്ന ചാർജ്. ഇപ്പോൾ അത് 40 രൂപയായി ഉയർത്തി.
ബസുകൾ എല്ലാ ദിവസവും കഴുകുന്നത് സാന്പത്തിക ബാധ്യതയുണ്ടാകുമെന്ന് കെഎസ്ആർടിസി അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് ദിവസവും കഴുകേണ്ട എന്ന ഉത്തരവ് നാലുമാസം മുന്‍പ് ഇറക്കുകയായിരുന്നു. വേനൽക്കാലത്ത് കുഴപ്പമില്ലായിരുന്നു. എന്നാൽ, മഴക്കാലം തുടങ്ങിയതോടെ ദിവസവും ബസുകൾ കഴുകിയില്ലെങ്കിൽ ചെളിപിടിക്കും. ഇത്തരം ബസുകളുമായാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് നടത്തുന്നത്.
സ്വന്തം ലേഖകൻ