കല്ലടിക്കോട് മലയോര മേഖലയിൽ സൗരോർജവേലി നിർമാണം തുടങ്ങി
1429860
Monday, June 17, 2024 1:40 AM IST
കല്ലടിക്കോട്: വന്യമൃഗ ശല്യത്തിനു പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കല്ലടിക്കോടൻ മലയോര മേഖലയിൽ സൗരോർജവേലി നിർമാണം തുടങ്ങി.
മുണ്ടൂർ പഞ്ചായത്തിലെ വടക്കന്റെ കാർഡ് മുതൽ പാലക്കയം പഞ്ചായത്തിലെ ഇഞ്ചിക്കുന്ന് വരെയുള്ള 40 കിലോമീറ്റർ ദൂരത്തിലാണ് സൗരോർജവേലി സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചത്.
കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലൂടെയാണ് വേലി നിർമിക്കുന്നത്. പ്രതിരോധ വേലിയുടെ നിർമാണം മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണു തീരുമാനം.
കരിമ്പ പഞ്ചായത്തിലെ എരുമേനി, മേലെ പയ്യാനി, പറക്കലടി, ചെറുമല, കരിമല, മരുതംകാട്, മൂന്നേക്കർ, മുണ്ടനാട്, തരിപ്പപ്പതി, ചീനയ്ക്കപ്പാറ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്.
ഈ പ്രദേശങ്ങളിൽ കാട്ടാനകൾക്ക് പുറമെ പുലിയും കടുവയും മറ്റു മൃഗങ്ങളും കൃഷിയിടങ്ങളിൽ എത്തുന്നത് പതിവാണ്. കൃഷിയിടത്തിൽ എത്തുന്ന വന്യമൃഗങ്ങളെ കണ്ടെത്തുന്നതിനും അവയെ ജനവാസ മേഖലകളിൽ നിന്നും വനാതിർത്തിയിലേക്ക് കടത്തിവിടുന്നതിനും വേണ്ടി വനം വകുപ്പധികാരികൾ കാമറകൾ സ്ഥാപിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്.
മറ്റുപല മലയോര മേഖലകളിലും വിജയം കണ്ടതിനെ തുടർന്നാണ് കല്ലടിക്കോട് മലയോരമേഖലയിലും സൗരോർജവേലി പരീക്ഷിക്കാൻ തീരുമാനിച്ചത്. വനം വകുപ്പ് നിർമിക്കുന്ന വൈദ്യുതി വേലികൾ പലതും കാട്ടാനകൾ മരം ചവിട്ടി മറിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ച് കൃഷിയിടങ്ങളിലേക്ക് എത്തുന്നത് സ്ഥിരം പതിവാണ്.
തൂക്കുവേലി സ്ഥാപിച്ച ഇടങ്ങളിലെല്ലാം അവ തട്ടിമറിച്ച് കൃഷിയിടങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. പലപ്പോഴും വനം വകുപ്പ് അധികാരികൾക്ക് തുടർപരിചരണം നടത്താൻ സാധിക്കാതെ വരുന്നു.
അതത് സ്ഥലത്തെ കർഷകരെ സൗരോർജവേലിയുടെ പരിചരണത്തിന് ഏൽപ്പിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കർഷകർ പറയുന്നത്.
കാട്ടാനകളെ പേടിച്ച് പലപ്പോഴും കർഷകർക്ക് കൃഷിയിടങ്ങളിലേക്കു പോകാനോ റബർടാപ്പിംഗ് നടത്താനോ മറ്റ് കൃഷിപ്പണികൾ ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്.
ആദ്യകാലങ്ങളിൽ രാത്രി മാത്രം വന്നിരുന്ന കാട്ടാനകളും പുലിയും ഇപ്പോൾ പകലും കൃഷിയിടങ്ങളിലും വീടുകൾക്ക് സമീപവും എത്തുന്നത് പ്രദേശവാസികളിൽ ഭീതി ഉയർത്തുന്നുണ്ട്.