ചെമ്പേരി: ഹരിത കേരള മിഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് റോബർട്ട് ജോർജ് നയിക്കുന്ന ശുചിത്വ സന്ദേശ യാത്ര ചെമ്പേരിയിൽ ഉദ്ഘാടനം ചെയ്തു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ആമുഖ പ്രഭാഷണവും ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് മുഖ്യപ്രഭാഷണവും നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻ മുത്തേടൻ, മുൻ പ്രസിഡന്റ് ടെസി ഇമ്മാനുവൽ, വാർഡ് അംഗങ്ങളായ ജെസ്റ്റിൻ സഖറിയാസ്, ജോയി ജോൺ, ജയശ്രീ ശ്രീധരൻ, എം.ഡി. രാധാമണി, പി.വി. കമലാക്ഷി, അനിലാ ജെയിൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ, ഏരുവേശി പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് എന്നിവർ പ്രസംഗിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് മാത്യു, ഏരുവേശി പിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ്, പ്രകാശൻ, പിഎച്ച്സിയിലെ മറ്റ് സ്റ്റാഫംഗങ്ങൾ, പഞ്ചായത്ത് സ്റ്റാഫ്, കെവിവിഇഎസ് ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമലയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങൾ, വ്യാപാരികൾ, ആശാവർക്കർമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുസമ്മ വർഗീസിന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, നിർമല ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.ഡി. സജീവിന്റെ നേതൃത്വത്തിൽ സ്കൂൾ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.