ഔ​ഷ​ധി​യു​ടെ അ​ഞ്ച് ഏ​ക്കറിൽ ഔ​ഷ​ധ​സ​സ്യത്തോട്ടം ഒ​രു​ങ്ങു​ന്നു
Thursday, June 13, 2024 1:51 AM IST
പ​രി​യാ​രം: ഔ​ഷ​ധി​യു​ടെ പ​രി​യാ​രം ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് വ​ൻ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഔ​ഷ​ധ​സ​സ്യ തോ​ട്ടം നിർമിക്കുന്നു. അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് കു​മി​ഴ്, ക​റു​വ​പ്പ​ട്ട, ക​രി​ങ്ങാ​ലി, അ​ശോ​കം തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് വ​ച്ചു പി​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ൽ ക​റു​വ​പ്പ​ട്ട മാ​ത്രം 2000 ഓ​ളം തൈ​ക​ളാ​ണ് ന​ട്ട​ത്. ബാ​ക്കി​യു​ള്ള​വ ഓ​രോ​ന്നും അ​ഞ്ഞൂ​റി​ല​ധി​കം തൈ​ക​ളാ​ണ് ന​ടു​ന്ന​തെ​ന്ന് അധികൃതർ പ​റ​ഞ്ഞു. നേ​ര​ത്തെ വ​ച്ചു പി​ടി​പ്പി​ച്ച പു​ളി​മ​ര​ങ്ങ​ൾ​ക്ക് പു​റ​മെ​യാ​ണി​ത്. നി​ല​വി​ൽ ഉ​ള്ള തോ​ട്ട​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ് പു​തി​യ ഉ​ദ്യാ​നം രൂ​പ​മെ​ടു​ക്കു​ന്ന​ത്.

പ​ഴ​യ ടിബി സാ​ന​ട്ടോ​റി​യ​ത്തി​ന്‍റെ കീ​ഴി​ൽ ഉ​ണ്ടാ​യ അ​ല​ക്കു ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ പ​രി​സ​ര​ത്താ​ണ് തോ​ട്ടം ഒ​രു​ങ്ങു​ന്ന​ത്.​ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യാ​ണ് കാ​ട് വെ​ട്ടി തെ​ളി​ച്ച് കൃ​ഷി​യി​റ​ക്കി​യ​ത്. പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​മാ​യി ഇ​ക്കു​റി അ​ഞ്ച് ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു. ഔ​ഷ​ധി ത​ന്നെ ഉ​ല്പാ​ദി​പ്പി​ച്ച തൈ​ക​ളാ​ണ് ന​ടു​ന്ന​ത്.