400 വർഷം പഴക്കമുള്ള തറവാടും ഹോട്ടലും ഇടിച്ചുനിരത്തി
1425141
Sunday, May 26, 2024 8:36 AM IST
തലശേരി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ബുൾഡോസർ ഉപയോഗിച്ച് തലശേരിയിൽ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാട് വീടും ഏതാനും വർഷം മുന്പ് പ്രവർത്തനമാരംഭിച്ച ഹോട്ടലുമാണ് രാത്രിയിൽ ഇടിച്ചു നിരത്തിയത്. പഴയ മുനിസിപ്പൽ ഓഫീസിനടുത്ത വില്ലേജ് ഓഫീസിനു സമീപത്തെ പഴയ ബംഗ്ല തറവാടും ഏതാനും വർഷം മുമ്പ് ചിറക്കര ടി.സി. മുക്കിൽ റെയിൽവേ ഫ്ലൈ ഓവറിനു സമീപം പ്രവർത്തനമാരംഭിച്ച ദുനിയാവ് ഹോട്ടലുമാണ് തകർത്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അർധരാത്രിയായിരുന്നു സംഭവം. തലശേരിക്ക് പുറത്തുനിന്നുള്ള സംഘം ക്വട്ടേഷൻ എടുത്താണ് കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയതെന്നാണ് സൂചന. 24 മണിക്കൂറും പോലീസ് സാന്നിധ്യമുള്ള നഗരസമധ്യത്തിൽ കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയത് സംബന്ധിച്ച് ദുരൂഹതയും ഉയരുന്നുണ്ട്. റിയൽ എസ്റ്റേറ്റ് സംഘമാണ് പഴയ ബംഗ്ല തറവാട് തകർക്കലിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. ജന്മിയും വാടകക്കാരും തമ്മിലും പാർട്ണർമാർ തമ്മിലുമുള്ള തർക്കമാണ് ഹോട്ടൽ തകർക്കലിനു പിന്നിലെന്നും പറയപ്പെടുന്നു.
പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തിൽ ഏതാണ്ട് 10 കോടി രൂപ മുതൽ മുടക്കിലായിരുന്നു ദുനിയാവ് ഹോട്ടൽ ആരംഭിച്ചത്. കോടികളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. അറേബ്യൻ രീതിയിൽ ഭക്ഷണവും വെള്ളച്ചാട്ടവും ലൈവ് ഫിഷ് കൗണ്ടറും ആധുനിക അടുക്കളയും ഉൾപ്പെടെയുള്ള സജ്ജീകരണത്തോടെയായിരുന്നു തുടക്കത്തിൽ ഹോട്ടൽ പ്രവർത്തിച്ചത്. ഏതാനും നാളുകളായി ഈ ഹോട്ടൽ അടഞ്ഞ് കിടക്കുകയായിരുന്നു. ഹോട്ടലിലെ വാടകക്കാരിൽ മൂന്നുപേർ ഒഴിമുറി നൽകിയതോടെ ബിസിനസ് പങ്കാളികൾ തമ്മിലുള്ള ഭിന്നതയുണ്ടായതായും പറയപ്പെടുന്നു. അറബ് നാടുകളിൽ നിന്നുള്ള ഷെഫുകളുൾപ്പെടെയുള്ളവർ ജോലി ചെയ്തിരുന്ന ഹോട്ടലായിരുന്നു ഇത്.
ബംഗ്ല തറവാടിന് 400 വർഷം പഴക്കം
തലശേരിയിലെ ആദ്യകാല തറവാട് കെട്ടിടങ്ങളിൽ ഒന്നായ പഴയ ബംഗ്ല തറവാടാണ് തകർത്ത വീട്. ഇരുനിലകളിൽ 40 മുറികളുള്ള ഈ വീട് കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. അവകാശികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തറവാട് പൊളിച്ചുമാറ്റിയതെന്ന് അവകാശികളിൽ ഒരു വിഭാഗം ആരോപിക്കുന്നത്.
മുപ്പതോളം കുടുംബങ്ങളിലുള്ള നൂറോളം അംഗങ്ങൾ താമസിച്ച ബംഗ്ലയിൽ അവസാന നാളുകളിൽ ഒരു കുടുംബത്തിൽപ്പെട്ട 15 പേരാണ് ശേഷിച്ചിരുന്നത്. പല കുടുംബങ്ങളും അവകാശം വാങ്ങി ഒഴിഞ്ഞു പോയതാണെന്ന് കുടുംബനാഥനും തലശേരി നഗരസഭാ കൗൺസിലറുമായ ബംഗ്ല ഷംസുദ്ദീൻ ദീപികയോട് പറഞ്ഞു. അപകടനിലയിലുള്ള പഴയ കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന് സർക്കാരിന്റെ നഗരസഭയുടെയും നിർദേശമുണ്ടെന്നും അതും കൂടി പരിഗണിച്ചാണ് തറവാട് കെട്ടിടം പൊളിച്ചു മാറ്റിയതെന്നും ഷംസുദീൻ പറഞ്ഞു.