അഗ്നിരക്ഷാ നിലയത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ മതിൽ ഇടിഞ്ഞുവീണു
1425130
Sunday, May 26, 2024 8:27 AM IST
ഇരിട്ടി: അഗ്നിരക്ഷാനിലയത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ മതിൽ ഇടിഞ്ഞു വീണു. ചെങ്കല്ലുകൊണ്ട് അഞ്ചു മീറ്ററിൽ അധികം കെട്ടി ഉയർത്തിയ നിർമിച്ച മതിലാണ് ഓവുചാലിലേക്ക് വീണത്. ഇതോടെ ഓവുചാലിലൂടെ വെള്ളം ഒഴുകുന്നത് തടസപെട്ടിരിക്കുകയാണ്. നിലയത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാതെ വഴിയിൽ നിർത്തിയിട്ടിരിക്കുകയാണ്.
വർഷങ്ങളായി ഇരിട്ടി താലൂക്ക് ആശുപത്രി പഴയ കെട്ടിടത്തിലാണ് അഗ്നി രക്ഷാ നിലയം പ്രവർത്തിച്ചുവരുന്നത്. പുതിയ കെട്ടിടം നിർമിക്കാനുള്ള സ്ഥലം ഇറിഗേഷൻ വകുപ്പിൽ നിന്നും ലഭ്യമായിട്ടുണ്ടെങ്കിലും ഉത്തരവുകൾ വൈകുന്നത് കെട്ടിട നിർമാണത്തിന് തടസം. ഏഴോളം വാഹനങ്ങളുള്ള ഇരിട്ടി നിലയത്തിന് വാഹനം പാർക്കിംഗ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
താത്കാലികമായി കെട്ടിയുയർത്തിയ ഗാരേജിൽ ആണ് ചെറുതും വലുതുമായ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ ഉപയോഗിച്ചുവരുന്ന ജീപ്പ് പാർക്ക് ചെയ്തിരുന്ന ഗാരേജ് ആണ് മതിൽ ഇടിഞ്ഞതോടെ പാർക്കിംഗിന് സ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്നത്.
സമീപത്തെ മതിലും ഏതു നിമിഷവും നിലം പതിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം മതിലിൽ വിള്ളൽ കണ്ടതിനാൽ ഇവിടെ പാർക്ക് ചെയ്തിരുന്ന ജീപ്പ് ഇവിടെ നിന്നും മാറ്റുകയായിരുന്നു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉൾപ്പെടെയുള്ള സംഘം സന്ദർശിച്ചു.