ഏകാംഗ ശുചിത്വസന്ദേശ യാത്രയ്ക്ക് സ്വീകരണം
1423654
Monday, May 20, 2024 1:12 AM IST
പയ്യന്നൂര്‍: പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനുമെതിരെ ആര്. പദ്മജന്‍ നടത്തുന്ന ഏകാംഗ ശുചിത്വ സന്ദേശയാത്രയ്ക്ക് പയ്യന്നൂര്‍ നഗരസഭയില്‍ സ്വീകരണം നല്കി. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ബോധവത്കരണ യാത്രയ്ക്കിടയിലാണു പയ്യന്നൂര്‍ നഗരസഭയില്‍ സ്വീകരണം നല്‍കിയത്.
കൊല്ലം ജില്ല ശുചിത്വമിഷന്, പദ്മശ്രീ അലി മണിക്ഫാന് ഇന്റര്‍നാഷണല്‍ ഫോര്‍ ഓഷ്യനോഗ്രഫി, കൊട്ടിയം റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണു സാമൂഹിക പ്രവര്‍ത്തകനായ കൊല്ലത്തെ ആര്. പദ്മജന്‍ ശുചിത്വ സന്ദേശ യാത്ര നടത്തുന്നത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത പദ്മജനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി. വിശ്വനാഥന്, കൗണ്‍സിലര്‍ ബി. കൃഷ്ണന്, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ക്ലീന്‍സിറ്റി മാനേജര്‍ എ.വി. മധുസൂദനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഷിബു, നവകേരളം റിസോഴ്സ് പേഴ്സണ്‍ പി. അരുള്‍, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.