അന്നൂരില്‍ രണ്ടു വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം
1416480
Sunday, April 14, 2024 7:44 AM IST
പയ്യന്നൂര്‍: അന്നൂരില്‍ പൂട്ടിക്കിടന്ന രണ്ടു വീടുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം. അന്നൂര്‍ റോഡില്‍ സതീദേവി ലൈറ്റ് ആന്റ് സൗണ്ടിന് സമീപത്ത് അടുത്തയിടെ താമസമാക്കിയ കെ.ജിതേഷ് അനന്യയുടെ വീട്ടിലും ചൂവാട്ടത്തറ തറവാടിന് സമീപത്തെ മോഹനന്റെ വീട്ടിലുമാണ് കവര്‍ച്ചാശ്രമം നടന്നത്. മോഷണശ്രമത്തിനിടെ വീടുകൾക്ക് നാശനഷ്ടവും വരുത്തി.
ജിതേഷും അധ്യാപികയായ ഭാര്യയും മകളുമടങ്ങുന്ന കുടുംബം വീടുപൂട്ടി രണ്ട് ദിവസം മുമ്പ് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഡ്രസുകള്‍, കംപ്യൂട്ടര്‍, വീട്ടുപകരണങ്ങള്‍ എന്നിവ വലിച്ച് വാരി പുറത്തിട്ട നിലയിലായിരുന്നു. വീടിന്റെ മുകള്‍ നിലയിലേക്കുള്ള വാതിലും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിലെ ഏറ്റവും അടിയില്‍ ചുരിദാറില്‍ പൊതിഞ്ഞ് സൂക്ഷിച്ചുവച്ചിരുന്ന ആറ് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാക്കളുടെ കണ്ണില്പ്പെടാതിരുന്നതിനാല് നഷ്ടമായില്ല.
സമീപത്തെ ആള്‍താമസമില്ലാതിരുന്ന മോഹനന്റെ വീട്ടിലും കവര്‍ച്ചാശ്രമമുണ്ടായി. പൂട്ടിക്കിടന്നിരുന്ന വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ സാധനസാമഗ്രികകള്‍ വാരിവലിച്ചിട്ടു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു മോഷണശ്രമമെന്നാണ് സൂചന. വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു.സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ് സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു.