കൊടുംചൂടിൽ കരിഞ്ഞുണങ്ങി കല്ലുമ്മക്കായ കർഷകരുടെ സ്വപ്നങ്ങൾ
1416106
Saturday, April 13, 2024 1:15 AM IST
വലിയപറമ്പ്: കവ്വായി കായലിലെ കല്ലുമ്മക്കായ കർഷകരെ കണ്ണീരിലാഴ്ത്തി കൃഷിയിൽ വ്യാപക നാശം. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ വിളയിച്ചെടുക്കാറുള്ള കായലിലെ വെള്ളത്തിന്റെ കടുത്ത ചൂടാണ് ഇത്തവണ തിരിച്ചടിയായത്.
കാലാവസ്ഥയിലെ മാറ്റം ചിലപ്പോഴൊക്കെ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ടെങ്കിലും വേനൽ കാഠിന്യത്തിൽ കായലിലെ വെള്ളത്തിന്റെ ചൂടുകൂടിയതാണ് ഈ വർഷമുണ്ടായ കൃഷിനാശത്തിന് പ്രധാന കാരണം. അതോടൊപ്പം സാധാരണയായി പെയ്യാറുള്ള വേനൽമഴ ഇല്ലാതായതും കല്ലുമ്മക്കായ നശിക്കാനിടയാക്കി.
കായലിലെ മുളന്തണ്ടുകളിൽ കയറിൽ കൃഷി ചെയ്ത കല്ലുമ്മക്കായ വെള്ളത്തിന്റെ കടുത്ത ചൂടിൽ വാ പിളർന്ന് പൂർണമായും നശിക്കുകയാണ്. ചൂട് നിയന്ത്രിച്ചു നിർത്താനും തണുപ്പിക്കാനും വേനൽ മഴ പ്രധാന ഘടകമായിരുന്നെങ്കിലും ഇത്തവണ ചാറ്റൽമഴ പോലുമുണ്ടായില്ല. ആയിറ്റി, ഇടയിലെക്കാട്, വലിയപറമ്പ് തുടങ്ങിയ മേഖലകളിലെ കല്ലുമ്മക്കായ കൃഷിയാണ് കൂടുതലായും നശിച്ചത്.
ഒരു കയറിൽ 100ൽപരം കായകൾ വിളവെടുത്തിരുന്ന പ്രദേശത്ത് ഇത്തവണ രണ്ടോ മൂന്നോ കല്ലുമ്മക്കായ മാത്രമാണ് കർഷകർക്ക് കരക്കെത്തിക്കാനായത്.
ആയിറ്റിയിലെ പ്രിയം, മഹിമ, കീർത്തനം എന്നീ കുടുംബശ്രീ യൂണിറ്റുകളുടെ കൃഷി പൂർണമായും നശിച്ചു. ഒരു യൂണിറ്റിന്റെ 500 കൈ കല്ലുമ്മക്കായയിൽ ഭൂരിഭാഗവും നശിച്ചതായി കുടുംബശ്രീ ഭാരവാഹികൾ പറഞ്ഞു. ആയിറ്റി ഭാഗത്തിറക്കിയ 30 ൽപ്പരം കർഷകരുടെയും കൃഷി നശിച്ചിട്ടുണ്ട്.
35 ൽപ്പരം സ്റ്റേജുകളിലെ ഏതാണ്ട് 6000 കൈ കല്ലുമ്മക്കായയാണ് ഇവിടെ നശിച്ചത്. 30 ലക്ഷത്തിൽപരം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് കല്ലുമ്മക്കായ കർഷകർ പറഞ്ഞു.
ബാങ്ക് വായ്പയെടുത്തും ആഭരണങ്ങൾ പണയം വച്ചും കൃഷിയിറക്കി തിരിച്ചടി നേരിട്ട കർഷകർക്കും കുടുംബശ്രീ യൂണിറ്റുകൾക്കും സർക്കാർ ഏജൻസികൾ വഴി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമാണ് അവർ ഉന്നയിക്കുന്നത്.