പയ്യന്നൂര്‍ പോലീസ് മൈതാനത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ പദ്ധതി
1415868
Friday, April 12, 2024 12:44 AM IST
പയ്യന്നൂര്‍: ചരിത്ര പ്രാധാന്യമുള്ള പയ്യന്നൂര്‍ പോലീസ് മൈതാനത്തിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ പദ്ധതിയാവുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സ്മാരകമായി മൈതാനത്തെ മാറ്റുന്നതിനുള്ള പദ്ധതിയുടെ രൂപകല്പന തയാറാക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ 1928ല്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന ചരിത്ര പ്രാധാന്യമുള്ള ഈ മൈതാനം അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കസുകള്‍ക്കും ഫുട്ബോള്‍ മത്സരങ്ങള്‍ക്കും പൊതു സമ്മേളനങ്ങള്‍ക്കുമുള്ള വേദിയായി മുറിയിരുന്നു.
എന്നാല്‍ പില്ക്കാലത്ത് കേസുകളില്പെട്ടുകിടക്കുന്ന വാഹനങ്ങളുടെ സൂക്ഷിപ്പു കേന്ദ്രമായി ഈ മൈതാനം മാറുകയായിരുന്നു. ഈ മൈതാനത്തെ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്.
അതിനിടയില്‍ 2023 -24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഈ മൈതാനത്തിന്റെ നവീകരണത്തിനായി കോടി രൂപ നീക്കിവച്ചതോടെയാണ് മൈതാനത്തിന്റെ ശാപമോക്ഷത്തിനുള്ള വഴിതെളിഞ്ഞത്.
ഇതേതുടര്‍ന്ന് ഡമ്പിംഗ് യാര്‍ഡ് നിര്‍മിക്കുന്നതിനായി കോറോം വില്ലേജില്‍ ഒരേക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിക്കുകയും വാഹനങ്ങള്‍ അങ്ങോട്ട് മാറ്റുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രം ഓര്‍മ്മിപ്പിക്കുന്ന സ്മാരകം, ഓപ്പണ്‍ സ്റ്റേജ്, വാക്ക് വേ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ ഇവിടെ ഒരുക്കുന്നത്. ഇതിനാവശ്യമായ രൂപരേഖ തയാറാക്കാനാണ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഈ മൈതാനം സന്ദര്‍ശിച്ചത്.
ടി.ഐ.മധുസൂദനന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.ലളിത, പയ്യന്നൂര്‍ ഡിവൈഎസ്പി എ.ഉമേഷ്, പൊതുമരാമത്ത് ആര്‍ക്കിടെക്ട് വിഭാഗം ഉദ്യോഗസ്ഥരായ ജിഷി ദിവാകരന്, സിന്ധു, പൊതുമരാമത്ത് അസി.എക്സി എന്‍ജിനീയര്‍ സവിത, അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനോജ്, സബ് ഇന്‍സ്പെക്ടര്‍മാരായ സത്യന്, പ്രകാശന് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.