പൊളിച്ച പാലങ്ങളുടെ പണി ഇഴയുന്നു
1415862
Friday, April 12, 2024 12:44 AM IST
ഇരിട്ടി: മലയോര ഹൈവേയുടെ നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികളുടെ ഭാഗമായി മഴയ്ക്കു മുൻപ് പൂർത്തികരിക്കേണ്ട മൂന്ന് പാലങ്ങളുടെ പണി ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം. വള്ളിത്തോട് - മണത്തണ റീച്ചിൽ പെട്ട വെമ്പുഴ, ആനപ്പന്തി, ചേംതോട് പാലങ്ങളുടെ നിർമാണം വൈകുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ. രണ്ട് പാലങ്ങളുടെ പ്രവർത്തികൾ ആരംഭിച്ചെങ്കിലും ആനപ്പന്തി പാലം പൊളിച്ചുമാറ്റാനുള്ള പ്രാരംഭ നടപടികൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.
ആദ്യം പണി ആരംഭിച്ച വെമ്പുഴ പാലം മൂന്ന് മാസം പിന്നിടുമ്പോഴും ഒരു തൂണിന്റെ വാർപ്പ് ജോലികൾ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ചേംതോട് പാലം ആദ്യ തൂൺ പൂർത്തിയായി രണ്ടാമത്തെ തൂണിന്റെ പ്രവൃത്തി തുടങ്ങി. എങ്കിലും നിരവധി യാത്രക്കാർ കടന്നുപോകുന്ന വെമ്പുഴ പാലം പണിയിലെ കാലതാമസം ആണു പ്രദേശവാസികളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുള്ളത്.
16 മീറ്റർ നീളം ഉള്ള വെമ്പുഴ പാലത്തിന്റെ പണി ആദ്യം വേഗത്തിൽ ആരംഭിച്ചുവെങ്കിലും പിന്നീട് മെല്ലെപോക്ക് നയത്തിൽ നിർമാണം ഒരു തൂണിൽ ഒതുങ്ങുക ആയിരുന്നു. പാലം പൊളിച്ചുമാറ്റിയതോടെ മഴക്കാലത്ത് കുത്തിയൊലിച്ചൊഴുകുന്ന വെമ്പുഴക്ക് കുറുകെ മണ്ണിട്ടു ഉയർത്തി താത്ക്കാലിക റോഡ് നിർമിച്ചാണ് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത്.
പാലം പണി നിലവിലെ വേഗത്തിൽ തുടർന്നാൽ തീർച്ചയായും മഴക്കാലം ആരംഭിക്കുകയും താത്ക്കാലിക റോഡ് തകർന്ന് ഗതാഗതം വഴിമുട്ടും. അയ്യൻകുന്ന് - ആറളം പഞ്ചായത്തുകളെ കോർത്തിണക്കുന്ന തിരക്കേറിയ വഴിയിലാണ് വെമ്പുഴ പാലം. മഴ ശക്തമാകുമ്പോൾ ചീങ്കണ്ണി പുഴയിൽ നിന്നും വെള്ളം തള്ളുന്നതോടെ നിലവിലെ ചേംതോട് പാലം വെള്ളത്തിനടിയാകുന്നത് പതിവാണ്. ഇത് പരിഹരിക്കാനാണ് പുതിയ പാലം ഉയർത്തി പണിയുന്നത്.
ഇവിടെയും തോടിനു കുറുകെ മണ്ണിട്ടാണു ഗതാഗതം തിരിച്ചു വിട്ടിട്ടുള്ളത്. 13.5 മീറ്റർ ആണു പാലത്തിന്റെ നീളം. ആനപ്പന്തി പാലം നിർമാണത്തിന് മുന്നോടിയായി പുഴയ്ക്ക് കുറുകെ മണ്ണിട്ടു താത്ക്കാലിക റോഡ് നിർമാണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. നാട്ടുകാരുടെ ആശങ്കയെ തുടർന്ന് നിലവിലെ പാലം പൊളിക്കാൻഎതിർപ്പ് രേഖപെടുത്തിയിരിക്കുകയാണ്. 20 മീറ്ററാണ് ആനപ്പന്തി പാലത്തിന്റെ നീളം. മൂന്ന് പാലങ്ങളുടെയും വീതി 12.5 മീറ്ററാണ്. 9 മീറ്റർ ടാറിംഗ് വീതിയും ഇരുവശത്തും കൈവരിയോടു കൂടി 1.75 മീറ്റർ വീതം നടപ്പാതകളും ഉൾപ്പെടും. നിലവിലെ സാഹചര്യത്തിൽ നിർമാണത്തിന്റെ വേഗത കണക്കിലെടുക്കുമ്പോൾ മഴ ആരംഭിച്ചാൽ ഗുരുതരമായ ഗതാഗത പ്രശനം ആയിരിക്കും പ്രദേശത്ത് അനുഭവപെടുക.
മൂന്ന് പാലങ്ങൾക്ക് 3.25 കോടി രൂപ
മലയോര ഹൈവേയുടെ വള്ളിത്തോട് - മണത്തണ റീച്ചിൽ പെട്ട 25.3 കിലോമീറ്റർ റോഡ് വീതി കൂട്ടി നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തി നടത്തുന്നതിനായി 57 കോടി രൂപയ്ക്കാണു ആദ്യ ഘട്ടത്തിൽ കരാർ. ഇതിൽ 3.25 കോടി രൂപയാണ് മൂന്ന് പാലങ്ങൾക്കായി വിനിയോഗിക്കുന്നത്. കാലപ്പഴക്കവും വീതിക്കുറവും കണക്കിലെടുത്താണ് നിലവിലെ പാലങ്ങൾ പൊളിച്ചു മാറ്റി പുതിയ പാലങ്ങൾ നിർമിക്കുന്നത്.
മഴക്കാലത്തിന്
മുന്നേ നിർമാണം
പൂർത്തിയാക്കും
പാലങ്ങളുടെ നിർമാണത്തിൽ യാതൊരു ഉപേക്ഷയും ഉണ്ടായിട്ടില്ല. വെമ്പുഴ പാലം തൂണിന്റെ ഡിസൈൻ വന്ന മാറ്റമാണ് കാലതാമസത്തിന് കാരണം. മഴക്കാലത്തിന് മുന്നേ നിർമാണം പൂർത്തിയാക്കും ചേംതോട്്, വെമ്പുഴ പാലങ്ങൾ ഒരു മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കും. ആനപ്പന്തി പാലം പൊളിക്കാൻ പ്രദേശവാസികൾ സമ്മതിച്ചാൽ 65 ദിവസം കൊണ്ടു പുതിയ പാലം പണി പൂർത്തീകരിക്കാൻ സാധിക്കും.
-രഞ്ചിത്ത് ( പ്രോജക്ട്
മാനേജർ കരാർ കമ്പനി )