പ്രതിപക്ഷം പരാജയം അംഗീകരിച്ചു കഴിഞ്ഞു: സി.കെ. പദ്മനാഭന്
1396527
Friday, March 1, 2024 1:11 AM IST
കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷം പരാജയം അംഗീകരിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ. പദ്മനാഭന്.
കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വിവിധ പ്രസ്ഥാനങ്ങളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവരുടെ കൂട്ടായ്മ നവാഗത സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് മത്സരിക്കാതെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭയിലൂടെ ജയിച്ച് മുന്നോട്ടുവന്നത് ഇതിന് തെളിവാണ്.
ഒരു യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ പരാജയമുറപ്പിച്ച പ്രതിപക്ഷത്തെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കേരളത്തിലെ ജനങ്ങളും ഇത് തിരിച്ചറിയുമെന്ന് ഉറപ്പാണ്.
ഇടതു-വലത് മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിന് പുറത്തെത്തിയാല്‍ അവര്‍ ഒരുമിച്ചാണ്. കേരളത്തില്‍ വലിയ മാറ്റം ഉറപ്പാണ്. വോട്ടര്‍മാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് ഓരോ ദിവസവും എത്തിച്ചേരുകയാണ്. എന്‍ഡിഎ സര്‍ക്കാരിന് അനുകൂലമായി കൈ പൊക്കാന്‍ കേരളത്തില്‍നിന്ന് എംപിമാരുണ്ടാകുമെന്ന് എല്ലാവര്ക്കും വ്യക്തമായിക്കഴിഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്. സുരേഷ്, ബിജു ഏളക്കുഴി, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്, സി. രഘുനാഥ്, ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്, ടി.സി. മനോജ്, അരുൺ കൈതപ്രം, വി.വി. ചന്ദ്രന്, അജികുമാര്‍ കരിയില്‍, റീന മനോഹരന്, സെലീന എന്നിവര്‍ പ്രസംഗിച്ചു.