ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ കാസര്‍ഗോഡ് സ്വദേശി
1396454
Thursday, February 29, 2024 8:06 AM IST
കാസര്‍ഗോഡ്: ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടി കാസര്‍ഗോഡ് തളങ്കര സ്വദേശി രിഫായി തെരുവത്ത്. കഴിഞ്ഞദിവസം ദോഹയില്‍ ഹോങ്കോംഗിനെതിരെ നടന്ന ട്വന്റി-20 മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ രിഫായിക്ക് അവസരം ലഭിച്ചു.
അരങ്ങേറ്റമത്സരത്തില്‍ രണ്ടു പന്ത് മാത്രം നേരിട്ട് രണ്ടു റണ്‍സോടെ റണ്ണൗട്ടായെങ്കിലും ആറുവര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവിലുള്ള ദേശീയ ടീമിലെ അരങ്ങേറ്റം 29കാരനായ ഈ വിക്കറ്റ് കീപ്പര്‍ ബാറ്ററെ സംബന്ധിച്ചിടത്തോളം സ്വപ്നസാഫല്യം തന്നെയായിരുന്നു.
ദേശീയ ടീമിലേക്കുള്ള രിഫായിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബില്‍ കളിച്ചുവളര്‍ന്ന രിഫായി പിന്നീട് കാസര്‍ഗോഡ് ജില്ലാ ടീമിനും രണ്ടുവര്‍ഷം കേരള ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്. ജോലി തേടി ആദ്യം ദുബായിലേക്കാണ് പോയതെങ്കിലും മെച്ചപ്പെട്ട ജോലി ലഭിക്കാത്തതിനാല്‍ മടങ്ങി. 2017ലാണ് ജോലി തേടി ഖത്തറിലേക്ക് പോകുന്നത്.
തുടക്കത്തില്‍ നിരവധി പ്രതിസന്ധികളെ നേരിടേണ്ടിവന്നു. പിന്നീട് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചത് കരിയറില്‍ വഴിത്തിരിവായി. രിഫായിയുടെ കളിമികവ് ഖത്തര്‍ തിരിച്ചറിഞ്ഞു. ഇതിനിടെ ഖത്തര്‍ റമദാന് കപ്പില്‍ കളിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് എട്ടുമാസത്തോളം കളത്തിന് പുറത്തിരിക്കേണ്ടിവന്നെങ്കിലും ദേശീയ ടീമിലേക്കുള്ള വിളി ഒടുവില്‍ രിഫായിയെ തേടിയെത്തി. നിലവില്‍ ദോഹയിലെ ഒരു കാര്‍ കമ്പനിയില്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവാണ് രിഫായി. തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ഹസൈനാര്‍-നസീമ ദമ്പതികളുടെ മകനാണ്.