എസ്എസ്എൽസി പരീക്ഷ നാലിന് തുടങ്ങും; ജില്ലയിൽ പരീക്ഷയെഴുതുന്നത് 36,288 പേർ
1396442
Thursday, February 29, 2024 8:05 AM IST
കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. ഇത്തവണ ജില്ലയിൽ നിന്നും 36,288 പേരാണ് പരീക്ഷയക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 18,925 ആൺകുട്ടികളും 17,363 പെൺകുട്ടികളുമാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുന്നത് തലശേരി ഉപജില്ലയിലാണ് 14,911 പേർ. തളിപ്പറമ്പ് ഉപജില്ലയിൽ 13,278 വിദ്യാർഥികളും കണ്ണൂർ ഉപജില്ലയിൽ 8099 വിദ്യാർഥികളുമുണ്ട്.
കഴിഞ്ഞ വർഷം ജില്ലയിൽ ആകെ 25,285 വിദ്യാർഥികളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. സർക്കാർ മേഖലയിൽ 13,513, എയ്ഡഡ് മേഖലയിൽ 21,345, അൺഎയ്ഡഡിൽ 1211,ടെക്നിക്കൽ 203 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണം. സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി 16 വിദ്യാർഥികൾ പരീക്ഷയെഴുതുന്നുണ്ട്.
1515 കുട്ടികൾ സ്ക്രൈബിനെയും 104 പേർ ഇന്റർപ്രെട്ടറെയും ഉപയോഗിച്ച് പരീക്ഷ എഴുതും. സർക്കാർ സ്കൂളിൽ നിന്നും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് മയ്യിൽ ഇടൂഴു മാധവൻ നന്പൂതിരി സ്മാരക ജിഎച്ച്എസ്എസിൽ നിന്നാണ്. 620 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുന്നത്. എയ്ഡഡ് മേഖലയിൽ കടമ്പൂർ എച്ച്എസ്എസും. കടന്പൂരിൽ നിന്ന് 1218 വിദ്യാർഥികളാണ് പരീക്ഷയഴുതുക. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയെഴുതിക്കുന്ന സ്കൂളും കടന്പൂരാണ്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ മുതൽ
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് നാളെ തുടക്കമാകും. 35,215 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 17,914 ആൺകുട്ടികളും 17,301 പെൺകുട്ടികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സയൻസ് ഗ്രൂപ്പിലാണ് കൂടുതൽ (15,390). 8,825 പെൺകുട്ടികളും 6,565 ആൺകുട്ടികളും. കൊമേഴ്സിൽ 11,304 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6,806 ആൺകുട്ടികളും 4,498 പെൺകുട്ടികളും. ഹ്യുമാനിറ്റീസിൽ 8,521 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തവരിൽ കൂടുതലും ആൺകുട്ടികളാണ് (4,543). 155 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. മാർച്ച് 26ന് പരീക്ഷ അവസാനിക്കും.