കണ്ണിൽ മുളകുപൊടി വിതറി മോഷണ ശ്രമം; അയൽവാസി അറസ്റ്റിൽ
1396048
Wednesday, February 28, 2024 1:34 AM IST
മുണ്ടയാംപറമ്പ്: കണ്ണിൽ മുളക് പൊടി വിതറി വയോധികയുടെ കഴുത്തിലെ സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ നാട്ടേൽ സ്വദേശി കെ.എം. അനീഷ് (35) മുണ്ടാക്കലിനെ കരിക്കോട്ടകരി പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 8.30 ഓടെ ആയിരുന്നു സംഭവം. പ്രതിയുടെ അയൽവാസിയായ മുണ്ടയാംപറമ്പിനടുത്ത് നട്ടേൽ സ്വദേശിനി താഴെപ്പള്ളി അംബിക (70) ടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലെന്ന് അറിഞ്ഞ പ്രതി ആദ്യംതന്നെ വീട്ടിലേക്കുള്ള വൈദ്യുത കണക്ഷൻ വിഛേദിച്ച ശേഷമാണ് വീടിന്റെ കതകിൽ തട്ടിയത്. ശബ്ദം കേട്ട് വെളിയിലേക്ക് വന്ന അംബികയുടെ കണ്ണിൽ മുളകുപൊടി തൂക്കിയ ശേഷം ആയിരുന്നു മോക്ഷണ ശ്രമം.
ശ്രമം പരാജയപ്പെട്ടതോടെ പ്രതി ഓടിരക്ഷപെടുക ആയിരുന്നു. പ്രതിയെക്കുറിച്ച് അംബിക നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തിങ്കളഴ്ച വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സി ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ റാം കുമാർ ,എ എസ് ഐ മാരായ രാജു ഏബ്രാഹം , പ്രശാന്ത് എന്നിവർ അംഗങ്ങൾ ആയിരുന്നു.