റഷ്യയിലും ശ്രദ്ധേയമായി ചപ്പാരപ്പടവിലെ ശുചിത്വ പ്രവർത്തനങ്ങൾ
1374446
Wednesday, November 29, 2023 7:55 AM IST
പെരുമ്പടവ്: റഷ്യയിലെ ഉഫയിൽ കഴിഞ്ഞ ദിവസം സമാപിച്ച ബ്രിക്സ് രാജ്യങ്ങളുടെ സെമിനാറിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ പഠന വിഷയമായി. അധികാര വികേന്ദ്രീകൃത ത്തിലെ ജനപങ്കാളിത്വം എന്നതായിരുന്നു വിഷയം. കഴിഞ്ഞ ഒരു വർഷമായി ചപ്പാരപ്പടവ് പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർണം ശുചിത്വഗ്രാമം പദ്ധതിയാണ് പഠനവിഷയമായത്. ഇതിന്റെ ഭാഗമായി നടന്ന ശുചിത്വ സന്ദേശ റാലി, വീട്ടുമുറ്റ യോഗം, വിദ്യാലയ സദസുകൾ, ജനകീയ ശുചീകരണങ്ങൾ എന്നിവ സെമിനാറിൽ പരാമർശിക്കപ്പെട്ടു.
ചപ്പാരപ്പടവ് പഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോൾ കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റുമായ ഡോ. പി.പി. ബാലൻ ആണ് പഠന വിഷയം അവതരിപ്പിച്ചത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 200 പ്രതിനിധികളാണ് ബ്രിക്സ് രാജ്യങ്ങളുടെ സെമിനാറിൽ പങ്കെടുത്തത്.