ഓട്ടോ തടഞ്ഞ് യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം
1374039
Tuesday, November 28, 2023 1:14 AM IST
കാസര്‍ഗോഡ്: യുവാവിനെ ഓട്ടോറിക്ഷ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് പുലിക്കടവിലെ അരുണ്‍ മോഹനെ (26) കൊലപ്പെടുത്തിയ കേസില്‍ ചാമുണ്ഡിക്കുന്ന് ശിവപുരത്തെ കെ.എം. ജോസഫിനാ(58)ണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ. മനോജ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കണം.
2014 ജൂണ്‍ 25ന് രാത്രി പത്തോടെ പനത്തടി ചാമുണ്ഡിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. കെ.ജെ. ബിജുവിന്റെ ഓട്ടോറിക്ഷയില്‍ അരുണ്‍ മോഹന്‍, അജയന് എന്നിവര്‍ വരികയായിരുന്നു. ഓട്ടോ തടഞ്ഞുനിര്‍ത്തി ജോസഫ് കത്തികൊണ്ട് ബിജുവിനെ കുത്തിപരിക്കേല്പിക്കുകയായിരുന്നു. മുമ്പ് ഓട്ടോറിക്ഷയില്‍ കയറ്റാതിരുന്നതിന്റെ വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇതു തടയാന്‍ ചെന്നപ്പോഴാണ് അരുണിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിന്റെ ജീവന് രക്ഷിക്കാനായില്ല.
കുത്തേറ്റ ദൃക്സാക്ഷി ഉള്‍പ്പെടെ കേസില്‍ കൂറുമാറിയെങ്കിലും മറ്റു സാക്ഷികള്‍ നല്കിയ മൊഴിയും സാഹചര്യതെളിവുകളുമാണ് പ്രതി കുറ്റക്കാരനെന്ന് വിധിക്കാന്‍ കോടതിക്ക് സഹായകരമായത്. കുത്താന്‍ ഉപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. രാജപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതകക്കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടറായിരുന്ന എം.കെ. സുരേഷ്കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി ഇ. ലോഹിതാക്ഷന് ഹാജരായി.