എംപിയെ പോസ്റ്ററില്‍ നിന്നും ഒഴിവാക്കി: യുഡിഎഫ് അംഗങ്ങൾ നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു
1337494
Friday, September 22, 2023 3:31 AM IST
പയ്യന്നൂര്‍: 24ന് നടക്കുന്ന പയ്യന്നൂര്‍ താലൂക്ക് അശുപത്രി ഉദ്ഘാടന പരിപാടിയുടെ പോസ്റ്ററില്‍ നിന്നും സ്ഥലം എംപി രാജ്മോഹന്‍ ഉണ്ണിത്താനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കളെ അപമാനിക്കലാണ് ഇത്തരം നടപടിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. ഫല്ഗുനന് പറഞ്ഞു.
പയ്യന്നൂരിലെ നിരവധി സര്‍ക്കാര്‍ പരിപാടിയിലെ ഉദ്ഘാടന ചടങ്ങില്‍ നിന്നും എംപിയെ മുമ്പും ഒഴിവാക്കിയിരുന്നതിനാല്‍ ഇക്കാര്യം നഗരസഭാ ചെയര്‍പെഴ്സന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും ഫല്ഗുനന് പറഞ്ഞു.
ആശുപത്രി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഇതുവരെ പോസ്റ്റര്‍ പുറത്തിറക്കിയിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍ കെ.വി. ലളിത പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്നത് കൊണ്ട് പൊതുയോഗത്തിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുവാന്‍ താമസം നേരിട്ടതിനാലാണ് പോസ്റ്റര്‍ അടിക്കാതിരുന്നതെന്നും ഇപ്പോള്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റര്‍ അച്ചടിക്കുമ്പോള്‍ എംപിയെ ഉള്‍പ്പെടുത്തുമെന്നും ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു.