പുതിയങ്ങാടിയിൽ കാട്ടാനക്കൂട്ടം രണ്ടേക്കറിലെ കൃഷി നശിപ്പിച്ചു
1337489
Friday, September 22, 2023 3:31 AM IST
കീഴ്പള്ളി: പുതിയങ്ങാടിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു. കൊണ്ടൂപറമ്പിൽ സെബാസ്റ്റ്യന്റെ 30 തെങ്ങും 50 വാഴയും കശുമാവുകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
ആറളം ഫാമിലെ വനമേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാന കൂട്ടം പുഴകടന്നെത്തിയാണ് വ്യപക കൃഷിനാശം വരുത്തിയത്. കഴിഞ്ഞദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന സെബാസ്റ്റ്യന്റെ പുരയിടത്തിന് സമീപത്തുള്ള തൊഴിലുറപ്പുകാരുടെ അഞ്ച് ഏക്കർ തോട്ടത്തിലും വ്യാപക നാശനഷ്ടം വരുത്തിയിരുന്നു.
ആനകൾ കൂട്ടത്തോടെ എത്തി ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെ എന്തുചെയ്യണം എന്നറിയാത്ത കർഷകർ വലയുകയാണ്. വനപാലകരെ വിവരം അറിയിക്കുന്നുണ്ടെങ്കിലും എല്ലാം നശിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ വന്ന് കണക്കെടുത്തിട്ട് പോകുന്നതല്ലാതെ കൃത്യമായ നഷ്ടപരിഹാര തുക ലഭിക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്.
സോളാർ ഫെൻസിങ്ങും തൂക്കുവേലിയും ഇല്ലാത്തതുകൊണ്ടാണ് ആനകൾ കൂട്ടത്തോടെ ഇവിടേക്ക് വന്ന് വിളകൾ നശിപ്പിക്കാൻ കാരണം എന്ന് കർഷകർ പരാതി പറയുന്നു.രണ്ടു ദിവസമായി കാട്ടാന ഭീക്ഷണി നേരിടുന്ന പ്രദേശം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ. വേലായുധൻ സന്ദശിച്ചു.