തളിപ്പറമ്പ്: ബക്കളം മടയിച്ചാൽ കോളനിക്ക് സമീപം താമസിക്കുന്ന ഇതര സംസ്ഥാന കുടുംബത്തിന് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ശനിയാഴ്ച്ച രാത്രി 11 ഓടെയാണ് ഏഴംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശി സുധീർ സിംഗ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. വീടിന്റെ ജനാലകളുടെ ഗ്ലാസ് അടിച്ചു തകർത്ത അക്രമി സംഘം പ്രധാന വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ശക്തമായി പ്രതിരോധിച്ചതോടെ പരാജയപ്പെട്ട് പിൻമാറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഡൽഹി സ്വദേശി സുധീർ സിംഗ്, പിതാവ്, ഭാര്യ, രണ്ട് മക്കൾ എന്നിവരോടൊപ്പം മൂന്ന് വർഷത്തോളമായി ഇവിടെ താമസിച്ചു വരികയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.